balabhaskar

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സി ബി ഐയുടെ നിര്‍ണായക പരിശോധന ഇന്ന് നടക്കും. സി ബി ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടെയും ഡി വൈ എസ് പി അനന്ദകൃഷ്ണന്റെയും നേതൃത്വത്തിലാണ് അന്വേഷണം. അപകടം നടന്ന സ്ഥലത്തെത്തി അന്വേഷണസംഘം തെളിവ് ശേഖരിക്കും. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പമാണ് സി ബി ഐ സംഘം പരിശോധന നടത്തുക.

ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗത്തില്‍ കാറോടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍ സി ബി ഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ അവരുടെ മുന്നിലുള്ള ഏറ്റവും വ്യത്യസ്തമായ മൊഴി കലാഭവന്‍ സോബിയുടേതാണ്. ആസൂത്രിത അപകടം എന്നാണ് സോബി പറയുന്നത്.

കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിക്ക് യാത്ര ചെയ്യുന്നതിനിടെ അപകട സ്ഥലത്തിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തി വിശ്രമിച്ചു. ഇതിനിടെ സംശയകരമായ സാഹചര്യത്തില്‍ ആറേഴ് യാത്രക്കാരുമായി മറ്റൊരു വാഹനം അവിടെയെത്തി. അതിന് ശേഷം മറ്റൊരു കാര്‍ എത്തിയപ്പോള്‍ ആദ്യ സംഘം ഈ കാര്‍ തല്ലിപ്പൊട്ടിച്ചു. അത് ബാലഭാസ്കറിന്റെ കാറാണെന്നും ബാലഭാസ്കറിനെ ആക്രമിച്ച ശേഷമാണ് വാഹനം ഇടിപ്പിച്ചതെന്നുമാണ് സോബിയുടെ മൊഴി.

ദേശീയ പാതയില്‍ പള്ളിപ്പുറം സി ആര്‍ പി എഫ് ക്യാംപ് ജംക്ഷന് സമീപം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം നടന്നത്. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു.