jaleel

തിരുവനന്തപുരം: യു.എ.ഇ നയതന്ത്ര ചാനലിലൂടെ എത്തിച്ച പാഴ്സൽ മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി ആപ്റ്റിന്റെ ലോറിയിൽ മലപ്പുറത്തെത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കി കസ്റ്റംസ്. ഫോൺ വിവരങ്ങൾ കസ്റ്റംസ് ബി.എസ്.എൻ.എല്ലിനോട് തേടിയതോടെ അന്വേഷണം മുറുക്കിതന്നെ മുന്നോട്ടുപോകാനാണ് കസ്റ്റംസ് തീരുമാനം.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോൺസുലേറ്റ് ജനറലുമായി മന്ത്രി നേരിട്ട് ഇടപെട്ടതും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്

കോൺസുലേറ്റുമായി മന്ത്രി കെ.ടി. ജലീലിന് ബന്ധമുണ്ടെന്ന് കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. തിരുവനന്തപുരത്ത് നിന്ന് സർക്കാർ സ്ഥാപനമായ സി ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് മതഗ്രന്ഥം ആണെന്ന് ജലീൽ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോൺസുലേറ്റിൽ വന്ന പാഴ്സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നുമാണ് കസ്റ്റംസ് പറയുന്നത്.

4479 കിലോ ഭാരമുള്ള നയതന്ത്ര ബാഗിൽ ആറായിരം മതഗ്രന്ഥമുണ്ടായിരുന്നെന്ന വാദം ശരിയാണോയെന്നാണ് കസ്റ്റംസ് ഇപ്പോൾ അന്വേഷിക്കുന്നത്. മാർച്ച് നാലിന് കോൺസുലേ​റ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം സി-ആപ്​റ്റിന്റെ ഓഫിസിലെത്തിച്ചെന്ന് സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. അത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചെങ്കിൽ രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി നടന്നതായി കാണുന്നില്ലെന്ന് അന്വേഷണത്തിൽ കസ്റ്റംസ് കണ്ടെത്തി.

അതേസമയം,​ നയതന്ത്ര ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേ​റ്റിന്റെ അപേക്ഷയിൽ പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ടാലേ ഡ്യൂട്ടിയിളവ് നൽകാനാവൂ. ഇത്തരത്തിൽ ഡ്യൂട്ടി ഇളവ് പൊതുഭരണ വകുപ്പ് നൽകിയോ എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നു. ഇതിലുള്ള വ്യക്തതയും കസ്റ്റംസ് തേടിയിട്ടുണ്ട്. മാത്രമല്ല,​ നയന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവിന് സാക്ഷ്യപത്രം നൽകാനോ ചട്ടപ്രകാരം കഴിയില്ല. ഇതിനുള്ള ഉത്തരമാണ് കസ്റ്റംസ് തേടുന്നത്.

പ്രോട്ടോക്കോൾ പറയുന്നത്​

20 ലക്ഷത്തിന് മുകളിൽ വിലയുള്ള സാധനങ്ങളുള്ള പാഴ്സലുകൾ നയതന്ത്ര ചാനൽ വഴി നികുതി ഒഴിവാക്കി വിട്ടുനൽകണമെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് 2018ലെ ചട്ടം പറയുന്നത്. 20 ലക്ഷത്തിൽ താഴെയുള്ളതാണെങ്കിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ വിദേശകാര്യ മന്ത്രാലയത്തിന് നൽകിയാൽ മതിയാകും. രണ്ടുതവണ മാത്രമാണ് ഇത്തരം രേഖകൾ കോൺസുലേറ്റ് ഹാജരാക്കിയത്.