കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തളളി കോടതി. സ്വപ്‌ന സുരേഷ്, സെയ്‌തലവി എന്നിവരുടെ ജാമ്യാപേക്ഷകളാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി തളളിയത്. മറ്റൊരു പ്രതിയായ സഞ്ജുവിന്റെ ജാമ്യാപേക്ഷ 17ന് പരിഗണിക്കും. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന കസ്‌റ്റംസിന്റെ വാദത്തെ പരിഗണനയിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.
വിദേശത്തുളള പ്രതികൾ പിടിയിലാകും വരെ ഇവർക്ക് ജാമ്യം നൽകരുതെന്ന് കസ്‌റ്റംസ് വാദിച്ചു. ഇവർക്ക് ഉന്നതബന്ധങ്ങളുണ്ട്. ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.കസ്‌റ്റംസ് കോടതിയിൽ വാദിച്ചു. മുൻപ് എൻ.ഐ.എ കേസിലും കോടതി ,സ്വപ്‌നയ്‌ക്ക് ജാമ്യം നിഷേധിച്ചിരുന്നു. കേസിലെ പ്രതിയായ സഞ്ജുവിന്റെ പക്കൽ നിന്നും സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ഷംസുദ്ദീനെ രാവിലെ കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു.