കോഴിക്കോട്: സ്വർണക്കടത്ത് സംഘവുമായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക് ഒപ്പം വിദേശത്തേക്ക് സ്വപ്ന പോയത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഔദ്യോഗിക സംഘത്തോടൊപ്പം വിദേശയാത്ര നടത്താൻ അവർക്ക് എന്ത് അധികാരമാണുള്ളതെന്ന് മുഖ്യമന്ത്രി പറയണം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ സ്വപ്‌നയ്ക്ക് കൈക്കൂലി ലഭിച്ചത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. ജലീൽ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാനത്ത് കിൻഫ്രയുടെ ഭൂമി പതിച്ച് കൊടുക്കുന്നതിലും സ്‌മാർട്ട് സിറ്റി ഭുമി വിൽക്കാനുള്ള തീരുമാനത്തിലും സ്വപ്‌നയുടെ പങ്ക് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വാതന്ത്ര്യദിനത്തിൽ ജലീലിനെ പതാക ഉയർത്താൻ അനുവദിക്കരുത്. അദ്ദേഹത്തിന് ഇന്ത്യൻ ദേശീയ പതാക ഉയർത്താനുള്ള അവകാശമില്ല. കെ.ടി ജലീലിന്റെ ഓഫീസ് കള്ളക്കടത്തിന് കൂട്ടുനിന്നു. അദ്ദേഹം നിയമവാഴ്ച തകർക്കാനാണ് ശ്രമിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. റെഡ് ക്രസന്റിലെ ചില ഭാരവാഹികളും ഖുറാൻ കടത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശം മുഖ്യമന്ത്രിക്ക് നഷ്‌ടപ്പെട്ടെന്നും അദ്ദേഹം രാജിവച്ച് പുറത്തുപോകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.