ന്യൂഡൽഹി:കൊവിഡ് ചികിത്സയ്ക്കായി ഏറ്റവും വിലകുറഞ്ഞ ആന്റിവൈറൽ മരുന്നിന്റെ ജനറിക് പതിപ്പ് സിഡസ് കാഡില പുറത്തിറക്കി. 100 മില്ലിഗ്രാം മരുന്നിന് 2,800 രൂപയാണ് വില. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് റെംഡാക്ക് എന്ന ബ്രാൻഡ് നാമത്തിൽ ഈ മരുന്ന് വിൽക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കുളള മരുന്നിന്റെ ലഭ്യതക്കുറവിനെക്കുറിച്ച് പല സംസ്ഥാനങ്ങളും നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് വിലകുറച്ച് മരുന്ന് പുറത്തിറക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ ആന്റിവൈറൽ മരുന്ന് അവതരിപ്പിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് സിഡസ് കാഡില.ഹെറ്റെറോ ലാബ്സ്, സിപ്ള, മൈലാൻ എൻ വി, ജൂബിലന്റ് ലൈഫ് സയൻസ് എന്നിവയാണ് ഇതിനുമുമ്പ് ആന്റിവൈറൽ മരുന്ന് അവതരിപ്പിച്ചത്.
നിലവിലെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുംകൂടുതൽ കൊവിഡ് രോഗികളുളള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇതുവരെ 23,96,637 പേർ രോഗ ബാധിതരായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. 24 മണിക്കൂറിനിടെ 66,999 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.