bishop-franko

കോട്ടയം: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റം നിഷേധിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. തനിക്കതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ കോടതിയിൽ പറഞ്ഞു. കേസിന്റെ വിചാരണ അടുത്തമാസം 16ന് ആരംഭിക്കും. ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങൾ പ്രതി നിഷേധിച്ചതിനെ തുടർന്നാണ് കേസ് വിചാരണക്കായി മാറ്റിയത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ആകും 16ന് ആദ്യം വിസ്‌തരിക്കുക. ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെ എന്നായിരുന്നു ഫ്രാങ്കോ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

ബിഷപ്പ് ഫ്രാങ്കോയെ കോടതിയിൽ കുറ്രപത്രം വായിച്ച് കേൾപ്പിച്ചു. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 കന്യാസ്‌ത്രീകളും ഉൾപ്പെടെ 84 സാക്ഷികളുണ്ട്. കുറ്റപത്രത്തിന്റെ പ്രസക്ത ഭാഗങ്ങൾ മാത്രമാണ് കോടതിയിൽ വായിച്ചത്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ 6 വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്.