press-meet-in-munnar

മൂന്നാർ: പെട്ടിമുടിയിലെ എല്ലാവർക്കും വീട് നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്നാറിൽ നടന്ന അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരായവർക്ക് സാദ്ധ്യമായതെല്ലാം നൽകുമെന്നും ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'മികച്ച രീതിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തൊഴിലാളികൾക്ക് കമ്പനിയിൽ നിന്നുളള സഹായവും പ്രതീക്ഷിക്കുന്നു.ഇക്കാര്യം കമ്പനി പ്രതിനിധികളുമായി ചർച്ചചെയ്തിട്ടുണ്ട്. ലയങ്ങളുടെ മോശം അവസ്ഥ സർക്കാർ പ്രത്യേകം പരിഗണിക്കും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സർക്കാർ വഹിക്കും'-അദ്ദേഹം പറഞ്ഞു. പെട്ടിമുടിയിൽ സംഭവിച്ചത് വൻ ദുരന്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ദുരന്തമറിഞ്ഞ് രാഷ്ട്രപതി വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ മൂന്നാറിലെത്തിയ ഗവർണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദർശിക്കുകയും താെഴിലാളികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എം എം മണി, ടി പി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എം പി, എം എൽ എമാരായ എസ്. രാജേന്ദ്രൻ, ഇ എസ് ബിജിമോൾ , ഡി ജി പി ലോക് നാഥ് ബഹ്റ, ദക്ഷിണമേഖല റേഞ്ച് ഐ ജി ഹർഷിത അട്ടല്ലൂരി, ഐ ജി യോഗേഷ് അഗർവാൾ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, എസ് പി ആർ കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കുശേഷമാണ് മുഖ്യമന്ത്രി പെട്ടിമുടിയിൽ എത്തിയത്. കരിപ്പൂർ ദുരന്തമുണ്ടായപ്പോൾ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി രാജമല സന്ദർശിക്കാത്തതിനെ പ്രതിപക്ഷവും ബി ജെ പിയും രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രി വി മുരളീധരനും രാജമല സന്ദർശിച്ചിരുന്നു. രാജമലയിൽ ദുരന്തത്തിനിരയായവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും വിവാദമുണ്ടായിരുന്നു.