gautham-gambhir-muhammadh

ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് തന്നെ ഭയമായിരുന്നുവെന്ന് വെളിപ്പെടുത്തി പാക്കിസ്ഥാൻ മുൻ പേസ് ബൗളർ മുഹമ്മദ് ഇർഫാൻ. തന്റെ പന്തുകളെ നേരിടാൻ ഗംഭീറിന് സാധിച്ചിരുന്നില്ല. 2012ലെ പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനത്തിന് ശേഷം അദ്ദേഹത്തിന് ടീമിലേക്ക് മടങ്ങിയെത്താൻ പോലും സാധിച്ചിരുന്നില്ല. മത്സരത്തിൽ മാത്രമല്ല നെറ്റ്സിലും തന്നെ നേരിടാൻ ഗംഭീർ ഭയപ്പെട്ടിരുന്നുവെന്ന് പറയുന്ന മുഹമ്മദ് ഇർഫാൻ 2012ലെ പരമ്പരിയിൽ നാല് തവണയാണ് താൻ ഗംഭീറിനെ പുറത്താക്കിയതെന്നും അനുസ്‌മരിച്ചു. നേരത്തെയും സമാനമായ ആരോപം ഗംഭീറിനെതിരെ 7.1 അടി ഉയരമുള്ള പാക്കിസ്ഥാന്റെ ഈ അതിവേഗ ബൗളർ ഉന്നയിച്ചിരുന്നു.

ഏറെ വിവാദമായ ആരോപണത്തിന് പാക്കിസ്ഥാൻ ബ്രോഡ്കാസ്റ്റർ സാവേര പാഷയുമായുള്ള യുട്യൂബ് ചാറ്റ് ഷോയായ ക്രിക്ക് കാസ്റ്റിൽ വിശദീകരണവുമായി എത്തവെ സമാന ആരോപണം ഇർഫാൻ വീണ്ടും ഉന്നയിക്കുകയായിരുന്നു. 2012ലെ ഇന്ത്യ-പാക്ക് മത്സരങ്ങൾ ഓർമ്മിച്ച ഇർഫാൻ, ഗംഭീറിന്റെ കരിയർ അവസാനിപ്പിച്ചുവെന്ന് പറഞ്ഞതിന്റെ കാരണവും വിശദീകരിച്ചു. യഥാർത്ഥത്തിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ നടക്കുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തയാൾ ഒന്നുമല്ലാതെയാവുകയും പ്രകടനം നടത്തുന്നയാൾ വീരനായി മാറുകയും ചെയ്യുന്നുവെന്നായിരുന്നു ഇർഫാന്റെ പ്രതികരണം.

താൻ എറിയുന്ന പന്തുകൾ ഗൗതം ഗംഭീറിന് കാണാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് തന്റെ ബൗൺസറുകളൊന്നും അദ്ദേഹം കണ്ടിരുന്നില്ല. തന്റെ ഉയരവും ബൗളിംഗും വളരെയധികം സമ്മർദ്ദമാണ് ഗംഭീറിന് നൽകിയത്.തന്റെ ഭാഗത്തുനിന്നാണ് ഇത് പറയുന്നത്. തനിക്ക് അങ്ങനെ തോന്നുന്നു, കാരണം അതിനുശേഷം അദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. തിരിച്ചെത്തിയ അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കി.

പിന്നീട് കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച ഗംഭീറിന് അവിടെയും പ്രകടനം നടത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് താൻ അങ്ങനെ പറഞ്ഞതെന്നും മുഹമ്മദ് ഇർഫാൻ വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിലെ ബാറ്റിംഗ് നിരയിലെ മുന്നണി പോരാളിയായിരുന്ന ഗൗതം ഗംഭീർ 58 ടെസ്റ്റുകളിലും 147 ഏകദിനങ്ങളിലുമാണ് രാജ്യത്തിന് വേണ്ടി കുപ്പായമണിഞ്ഞത്. ടെസ്റ്റിൽ 41.85 ശരാശരിയിൽ 4,154 റൺസ് നേടിയ അദ്ദേഹം 147 ഏകദിനങ്ങളിൽ നിന്ന് 5,238 റൺസ് നേടയിട്ടുണ്ട്. 37 ട്വന്റി 20 മത്സരങ്ങൾ കളിച്ച ഗംഭീർ 932 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.