ed-in-delhi

ന്യൂഡൽഹി: രാജ്യത്തെ 67ഓളം ബിസിനസുകാരുടെയും കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ബ്രസീലിൽ നിന്നും ലഭിച്ച അഭ്യർത്ഥന പ്രകാരമാണ് നടപടി. ബ്രസീലിലെ ഒരു പ്രവിശ്യാ ഗവർണർ അനധികൃത സ്വത്ത് സമ്പാദിച്ചതാണ് ഇത്തരത്തിൽ നടപടിക്ക് കാരണമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് അറിയിച്ചത്. എന്നാൽ സംഭവത്തിൽ ഇന്ത്യയിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.

ഹാമിൽടൺ ഹൗസ്‌വെയേഴ്‌സ് എന്ന കമ്പനി കോടതിയിൽ നൽകിയ ഹർജിയിൽ പ്രതികരണം നൽകിയതായിരുന്നു ഇ.ഡി. 'മിൽട്ടൺ' എന്ന പേരിൽ പ്ളാസ്‌റ്റിക്,സെറാമിക് ഗ്ളാസ് ഉൽപാദനങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണിത്. തങ്ങൾക്കെതിരെ നൽകിയ കേസിനെ കുറിച്ച് അറിവ് പോലുമില്ലെന്ന് കമ്പനി കോടതിയിൽ വാദിച്ചു. എന്നാൽ ബ്രസീലിൽ നിന്നും ലഭിച്ച പ്രത്യേക അഭ്യർത്ഥന കാരണമാണ് ഇത്തരം നടപടിയെടുത്തതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ മറുപടി നൽകി. അൻപതോളം രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന അനധികൃത പണസമ്പാദന കേസുമായി ബന്ധപ്പെട്ടതാണ് ഇത്. പ്രവിശ്യാ ഗവർണർ പണം നിക്ഷേപിച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും.

ഹാമിൽടൺ ഹൗസ്‌വെയേഴ്സിനു പുറമേ ജെ.കെ.ടയേഴ്‌സ്, കെ.പി.സാംഘ്‌വി ആന്റ് സൺസ്, നാൻസി ക്രാഫ്‌റ്റ്സ് മുതലായി എട്ട് വലിയ കമ്പനികളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ കോടതിയെ അറിയിച്ചു.