മറവിതന്നുടെ പുതിയൊരീ ലോകത്ത്
മനസിലാകുന്നില്ലിതൊന്നുമേ
കൃത്യമായ് വഴികളൊക്കെയും
വീട്ടിലേയ്ക്കുള്ളതായ് പ്രിയരെയൊന്നും
തിരിച്ചറിയാതെയായ് പതിവിതില്ലാത്ത
കാഴ്ചകൾ കാണലായ് മൺമറഞ്ഞൊരാ പൂർവികർ
കൺമുൻപിൽ കൂസലില്ലാതെ
വരുന്നെന്റെ നേർക്കുനേർ
പാത്തും പതുങ്ങിയും ചിലരെത്തിനോക്കിയും
എതിർത്തുനിന്നു ചെറുക്കുന്നൊരെന്നോട്
തട്ടിക്കയർക്കുന്നു മക്കളും ബന്ധുക്കളും
സ്വാതന്ത്ര്യമില്ലാത്തൊരീ വാർദ്ധക്യമെന്തിന്
വീണ്ടുമുറക്കെ ചോദിച്ചിടയ്ക്കു
ഞാൻ ക്ഷണികമാം ഓർമ്മകൾ
മാത്രമെനിയ്ക്കെന്ന് കണിശമായ്
പറഞ്ഞിതെൻ വൈദ്യനും.
മക്കൾ തൻ മറുപടി കാതോർത്തിരിക്കവെ
വീണ്ടുമെന്നോർമ്മകളോടിയൊളിച്ചുപോയ്
എവിടെയോ കൈമോശം വന്നിരിക്കുന്നൊരെൻ
ഓർമ്മകൾ സൂക്ഷിക്കും ചെപ്പുതൻ താക്കോലും
രൂപങ്ങൾ മാത്രമാണിപ്പോഴെൻ മുന്നിലായ്
മാറ്റമില്ലാത്തതായെന്നതു വാസ്തവം
നഷ്ടപ്പെടുന്നൊരീയോർമ്മകൾക്കൊപ്പമായ്
കൈമോശമായിതെൻ നൽതിരിച്ചറിവുകൾ
ബുദ്ധിയുറയ്ക്കാത്ത പൈതലിൻ സമാനമായ്
പരസഹായമില്ലാതെയില്ലിനി ജീവിതം
ക്ഷോഭ, വിക്ഷോഭങ്ങൾ നിത്യമായ്,
എന്നിലെ വാശി, വിഷാദവും മേൽക്കുമേൽ വരികയായ്
ഊണും ഉറക്കവും ഒന്നുമേ വേണ്ടെന്റെ
ജീവനിതൊക്കെയും പരിചിതമല്ലാതെയായ്
മറവിയിൽ വിരാചിക്കുമെന്നുടെ ലോകത്ത് ഏകനായ്
മൂകനായ് കാതോർത്തിരിപ്പൂ
ഞാൻ വരുമിനിയാരെങ്കിലുമെന്നോർമ്മതൻ ചെപ്പിന്റെ
താക്കോൽ തിരിച്ചെന്നെവേഗമേൽപ്പിക്കുവാൻ
അതുവരെ പാറിപ്പറക്കട്ടെയെൻ
ചിന്തകൾ നൂലറ്റുപോയൊരു പട്ടം കണക്കെയായ്...