chennithala-new

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ടെലിഫോൺ വിവരങ്ങൾ ശേഖരിക്കാനുളള പൊലീസിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പൊലീസിന് ടെലിഫോൺ വിവരങ്ങൾ ശേഖരിക്കാനുളള അവകാശമില്ലെന്നും കേരളത്തെ പൊലീസ് സ്റ്റേറ്റാക്കി മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ടെലിഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് പൗരന്റെ മൗലികാവകാശങ്ങൾക്കുമേലുളള കടന്നുകയറ്റമാണ്. രോഗി ഒരു കുറ്റവാളിയല്ല. അസുഖം വന്നവരെ കുറ്റവാളികളായി കണ്ട് സ്വകാര്യതയിലേക്ക് കടന്നു കയറരുത്. എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണണം. ഭരണഘടനയുടെ 21 ആം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണിത്. മുഖ്യമന്ത്രി ടെലഗ്രാഫ് നിയമങ്ങൾ വായിച്ചുമനസിലാക്കണം'- ചെന്നിത്തല ആവശ്യപ്പെട്ടു.

സ്പ്രിംക്ലർ ഉളളപ്പോൾ എന്തിനാണ് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 'സ്പ്രിംക്ളറിൽ എന്ത് ഗുണമാണുണ്ടായത്. അമേരിക്കൻ കമ്പനിയുടെ സഹായം ഇല്ലെങ്കിൽ മഹാമാരിയെ നേരിടാനാവില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞതാണ്. ഇടപാട് പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ വച്ചു. അതിലെ ഒരംഗം രാജിവച്ച് പോയി. പകരം മറ്റൊരാളെ വച്ചില്ല. ഒരു മാസത്തിനകം റിപ്പോർട്ട് കിട്ടണമായിരുന്നു; അതുണ്ടായില്ല'- അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകർക്കെതിരെയുളള സൈബർ ആക്രമണത്തെയും ചെന്നിത്തല വിമർശിച്ചു.