തനിക്കു തന്നേക്കാൾ
ചീർപ്പുണ്ടെന്നു തോന്നലിലാണ്
ഫാസിസ്റ്റുകൾ ഉണ്ടാകുന്നത്
രാഷ്ട്രീയ നിരീക്ഷകരും
അങ്ങനെ തന്നെ!
അപ്പോൾ പിന്നെ
യഥാർത്ഥത്തിൽ രാഷ്ട്രീയം
നിരീക്ഷിക്കുന്നതാരാണ്?
പ്രിയ നിരീക്ഷകാ, ചങ്കരാ
അവരാണ് ജനങ്ങൾ!
അവരുടെ നിരീക്ഷണ വട്ടം
അഞ്ചു ഗ്രിഗോറിയൻ വർഷങ്ങളാണ് !
അവരെ നിങ്ങൾ
കഴുതകൾ എന്ന് വിളിക്കും
കഴുതകളായി നടിക്കേണ്ടി
വന്ന ആനകൾ!!
ആനയ്ക്ക് ആനയുടെ
വലുപ്പം നന്നായറിയാം
അതുകൊണ്ടാണ് ഒരാനയും
സൂചിക്കുഴലിലൂടെ കയറാത്തത്!
ഒരാനയും ആനയെ
ആന എന്ന് വിശേഷിപ്പിച്ചിട്ടില്ല.
ആനയെക്കാണാൻ പോയ
നാലു നിരീക്ഷകരുടെ കഥയറിയുമോ?
മുറം, ചൂല്, ഉലക്ക, തൂണ്
ഇവയെല്ലാം ചേർന്നത്
തന്നെയാണ് ആന
ആ ആനയെ ചരിത്രം
ജനാധിപത്യം എന്ന് വിളിക്കും
അതങ്ങിനെ തുമ്പിയാട്ടി
കൊമ്പു കുലുക്കി
മസ്തകമുയർത്തി
വിരാചിക്കും!
ചങ്കരൻ* പിന്നെയും...!!
(ചങ്കരൻ* ഗസറ്റ് വിജ്ഞാപനത്തിലൂടെ ഏത് കഴുതയ്ക്കും സ്വന്തമാക്കാവുന്ന പേര്!)