തിരുവനന്തപുരം: ഓണമെത്താൻ രണ്ടാഴ്ച കൂടി. കാത്തുകാത്തിരുന്ന് ഓണമെത്തുമ്പോൾ വാനോളം പ്രതീക്ഷയിൽ അൽപ്പം വരുമാനം പ്രതീക്ഷിച്ചിരിക്കുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ട്. വഴിയോരക്കച്ചവടക്കാർ. പക്ഷേ, ഇക്കുറിയും അവർക്ക് ഓണം സമ്മാനിക്കുക നിരാശ മാത്രമാവും. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന അവരുടെ കാര്യം ആരും ഓർക്കുന്നില്ല. ഓണം പോലുള്ള ഉത്സവ സീസണുകളിലടക്കം സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ് വഴിയോരക്കച്ചവടം. വിലക്കുറവിന്റെ മേന്മയാണ് ആകർഷണം.
ഇക്കുറി വഴിയോരക്കച്ചവടക്കാർക്ക് നിരത്തുകളിൽ വിൽക്കാനുള്ള സാധനങ്ങളുമായി എത്താനാവുമോ എന്നുതന്നെ സംശയം. കൊവിഡ് തന്നെ ഇക്കാര്യത്തിൽ വില്ലൻ. കഴിഞ്ഞ രണ്ടുകൊല്ലമായി വഴിയോര കച്ചവടക്കാർക്ക് സമ്മാനിച്ചത് നിരാശയുടെ ഓണമായിരുന്നു. രണ്ടുതവണയും പ്രളയം കച്ചവടക്കാരുടെ വയറ്റത്തടിച്ചു. ഇക്കുറി കൊവിഡ് വഴിയോരക്കച്ചവടക്കാരുടെ എല്ലാം സ്വപ്നങ്ങളെയും തച്ചുടയ്ക്കുന്നു. പ്രത്യേകിച്ച് തിരുവനന്തപുരത്ത്. തലസ്ഥാന നഗരത്തിൽ ഓണക്കച്ചവടം സാധാരണ പൊടിപൊടിക്കാറുള്ളതാണ്. എന്നാൽ, ഇക്കുറി വിൽക്കാനുള്ള സാധനങ്ങളുമായി വഴിയോരത്ത് എത്താനാവുമെന്ന ഒരു പ്രതീക്ഷയും കച്ചവടക്കാർക്കില്ല. നഗരത്തിലെ കണ്ണായ കച്ചവട സ്ഥലങ്ങളെല്ലാം ഇപ്പോൾ വിജനമാണ്. കൊവിഡിനെ തുടർന്ന് ആളുകൾ കൂട്ടം കൂടാൻ പാടില്ല എന്നതടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ കച്ചവടം ഉപേക്ഷിച്ചവരുമുണ്ട്.
റോഡുവക്കിലെ 'മിനി ഓണ' വിപണി
കോടി എടുക്കാതെയുള്ള ഓണം മലയാളികളുടെ സ്വപ്നത്തിൽ പോലും ഉണ്ടാകില്ല. ഓണക്കാലത്ത് നഗരത്തിന്റെ മുക്കിലും മൂലയിലും കാണാവുന്നതാണ് വഴിയോരത്തെ വസ്ത്രവിപണി. നഗരത്തിലെ പ്രധാന റോഡുകളുടെ ഓരം പറ്റി താൽക്കാലിക സ്റ്റാൻഡിൽ ഉറപ്പിച്ച വസ്ത്ര വിൽപന കേന്ദ്രങ്ങളിൽ ഓണക്കാലത്ത് തിക്കുംതിരക്കുമാണ്. മുന്തിയ വിലകൊടുത്ത് വസ്ത്രങ്ങൾ വാങ്ങാൻ ശേഷിയില്ലാത്ത തുച്ഛവരുമാനക്കാരായ പലരും മക്കൾക്ക് 'ഓണക്കോടി' വാങ്ങിയിരുന്നത് ഇവിടങ്ങളിൽ നിന്നായിരുന്നു. എന്നാൽ, കൊവിഡിനെ തുടർന്ന് ഈ മിനി ഓണവിപണി ഇതുവരെ ഉണർന്നിട്ടില്ല.
വാങ്ങാൻ ആളില്ല
കൊവിഡ് രോഗവ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വലിയ വസ്ത്ര വ്യാപാര കേന്ദ്രങ്ങളിൽ പോലും ആവശ്യക്കാർ അധികമായി എത്തുന്നില്ല. അപ്പോൾ പിന്നെ റോഡരികിലെ വിൽപന കേന്ദ്രങ്ങളുടെ കാര്യം പറയാനുണ്ടോ. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണും നിയന്ത്രണങ്ങളും കാരണം തൊഴിൽ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇവരൊക്കെ വീട്ടിൽ അടുപ്പ് പുകയ്ക്കാൻ കഷ്ടപ്പെടുകയാണ്. കൊവിഡ് ശമിച്ചിട്ട് ഓണം ആഘോഷിക്കാമെന്ന നിലയിലേക്ക് മലയാളികൾ എത്തിത്തുടങ്ങിയതോടെ വഴിയോര കച്ചവടക്കാരുടെ ഓണത്തിന് മേൽ കൂടിയാണ് കരിനിഴൽ വീണിരിക്കുന്നത്. സാധാരണ സമയത്ത് പ്രതിദിനം 2000 രൂപയുടെ വസ്ത്രകച്ചവടം നടക്കുമ്പോൾ ഓണക്കാലത്ത് ഇത് 8000 രൂപയോളമാകുമായിരുന്നു. വസ്ത്രങ്ങൾ വാങ്ങി നഗരത്തിലെത്തിക്കുന്നതടക്കമുള്ള ചെലവുകൾ എല്ലാം കഴിച്ച് കിട്ടുന്ന തുച്ഛമായ ലാഭം കൊണ്ടാണ് വഴിയോരക്കച്ചവടക്കാർ ഓണം ആഘോഷിച്ചിരുന്നത്.