തന്റെ ആരോഗ്യ സൗന്ദര്യ രഹസ്യങ്ങൾ
മീരനന്ദൻ വെളിപ്പെടുത്തുന്നു
ഏയ്, മീരാ കൂടുതൽ സുന്ദരിയായിരിക്കുന്നല്ലോ. ദുബായിലെ തിരക്കുകൾക്കിടയിൽ കാണുന്ന ഒരുപാട് മലയാളികൾ മീരാ നന്ദനോട് ഇതേ കാര്യം ചോദിക്കുന്നു. റേഡിയോ ജോക്കിയായി ദുബായിലേക്ക് പറന്നതോടെ മീരയ്ക്ക് സ്വന്തം നാടുപോലെയാണ് ഈ നഗരവും. കലയെയും കലാകാരന്മാരെയും ആദരിക്കുന്ന പ്രവാസികളുടെ സ്നേഹമാണോ മീരയുടെ പുതിയ എനർജിക്ക് പിന്നിൽ. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ആത്മവിശ്വാസത്തോടെ മീര പറഞ്ഞു''തീർച്ചയായും ദുബായ് നൽകുന്ന സ്നേഹം സ്പെഷ്യലാണ്. പക്ഷേ, സ്‌ളിമ്മായി കൂടുതൽ എനർജിയോടെ ഇരിക്കാൻ കാരണം കൃത്യമായ ആരോഗ്യ സംരക്ഷണമാണ്. അതിന് പ്രോത്സാഹനം തന്നത് ഈ നഗരവും ഇവിടുത്തെ സുഹൃത്തുക്കളുമാണ്.'
ഫിറ്റ്‌നസിനെ കുറിച്ച് മീരയ്ക്ക് പറയാൻ ഏറെയുണ്ട്.
'' തുടർച്ചയായല്ലെങ്കിലും നേരത്തേ തന്നെ ജിമ്മിൽ പോകുമായിരുന്നു. ഇടയ്ക്കൊരു ബ്രേക്ക് വന്നു. പിന്നീട് പൂർവാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്തു. അതിന് പിന്നിൽ പ്രധാനപ്പെട്ട ഒരു കാരണമുണ്ട്. ഞാനിവിടെ വച്ച് സുജിത്ത് എന്നൊരാളെ പരിചയപ്പെട്ടു. വലിയയൊരു അപകടത്തിൽ സ്പൈനൽ കോഡിന് തകരാറ് സംഭവിച്ചയാളാണ് അദ്ദേഹം. വീൽചെയറിലാണ് സഞ്ചാരം. ശരിക്കും മരണത്തെ നേരിട്ട് കണ്ട ശേഷം തിരികെ വന്നൊരാൾ. സുജിത്ത് ദിവസവും 5 മണിക്കൂർ വീതമാണ് ജിമ്മിൽ ചെലവഴിക്കുന്നത്. അത് കണ്ടപ്പോഴാണ് ദൈവം എന്തൊക്കെ അനുഗ്രഹങ്ങൾ നമുക്ക് തന്നിട്ടുണ്ടെന്ന് മനസിലാക്കുന്നത്. സൗകര്യങ്ങളുണ്ട്, സ്വത്തുണ്ട് ...എന്നിട്ടും ശരീരം ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുമെന്ന് മനസിലായി. ഞാനാണെങ്കിൽ കുറച്ചു കാലമായി അല്പം തടിവച്ചിരിക്കുകയായിരുന്നു. ഇതാണ് പറ്റിയ സമയമെന്ന് തോന്നി. കുറച്ചുനാൾ മുടങ്ങാതെ ചെയ്താൽ വ്യായാമം ജീവിതത്തിന്റെ ഭാഗമായി തീരുമെന്നാണ് അനുഭവം.
ഞാൻ ജിമ്മിൽ പോയി തുടങ്ങിയപ്പോൾ പുതിയ സിനിമ വല്ലതും ചെയ്യുന്നുണ്ടോ യെന്ന് ഒരുപാട് പേർ ചോദിച്ചു. സിനിമക്കാരും മോഡലുകളും ഒക്കെയാണ് കൃത്യമായി വ്യായാമം ചെയ്യുന്നതെന്ന തോന്നൽ ആളുകൾക്കുണ്ട്. എന്നാൽ വ്യായാമം എല്ലാവർക്കും വേണ്ടതാണ്. തിരക്കാണെന്ന് പറയുന്നത് ഒഴിവുകഴിവ് മാത്രമാണ്. ആരോഗ്യത്തിനായി ഇല്ലാത്ത സമയം കണ്ടെത്തണം. അതാണ് ഞാൻ ചെയ്യുന്നത്. ലിഫ്ടും എസ്‌കലേറ്ററും ഒഴിവാക്കി പടികൾ കയറുന്നതുപോലും നല്ല വ്യായാമം ആണ്.
ജിമ്മിലൊക്കെ പോയാൽ പട്ടിണി കിടക്കേണ്ടി വരുമോയെന്ന് കരുതി മടിപിടിക്കേണ്ട കാര്യമില്ല. എനിക്ക് ഭക്ഷണക്കാര്യത്തിൽ അമിതമായ ശ്രദ്ധയൊന്നുമില്ല. ആവശ്യമുള്ളതെല്ലാം കഴിക്കും. ദുബായ് ഒരുപാട് വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങൾ കിട്ടുന്ന സ്ഥലമാണ്. അത് രുചിക്കാറുണ്ട്, ആസ്വദിക്കാറുമുണ്ട്. എന്തൊക്കെ പറഞ്ഞാലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത്. പ്രത്യേകിച്ചും ആവിയിൽ ഉണ്ടാക്കുന്നവ. വറുത്തതും പൊരിച്ചതും സ്ഥിരമായി കഴിക്കരുത്. പപ്പടവും അച്ചാറുകളും കഴിവതും ഒഴിവാക്കണം. ധാരാളം വെള്ളവും കുടിക്കണം. വെള്ളം ശരീരത്തെ ശുദ്ധീകരിക്കാൻ സഹായിക്കും.
നന്നായി ഭക്ഷണം കഴിക്കുക, നന്നായി വ്യായാമം ചെയ്യുക എന്നതാണ് എന്റെ സ്റ്റൈൽ. അമിതമായ ഡയറ്റിംഗ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. ഫിറ്റ്‌നസിലേക്ക് കുറുക്കുവഴികൾ പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം.
ഫിറ്റ്നസ് കൈവരിക്കുക അത്ര എളുപ്പമല്ല.അതിന് സമർപ്പണം ആവശ്യമാണ്. ഞാൻ താമസിക്കുന്ന അപ്പാർട്ട്‌മെന്റ് പന്ത്രണ്ടാം നിലയിലാണ്. അവിടെ തന്നെയാണ് ജിമ്മും . വീട്ടിലൊരു ജിം സെറ്റ് ചെയ്തിരിക്കുന്ന പ്രതീതിയാണ്. സമയം കിട്ടുമ്പോൾ, ഒരു ഡോർ തുറക്കുന്ന അകലം മാത്രം. ഇവിടെ രണ്ടും മൂന്നും മണിക്കൂറൊക്കെ ജിമ്മിൽ ചെലവഴിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതൊക്കെ കാണുമ്പോഴാണ് ഞാനൊക്കെ ഒന്നും ചെയ്യുന്നില്ലല്ലോയെന്ന് തോന്നുന്നത്. വെറുതേ പോയി 20 മിനിട്ട് ട്രെഡ് മില്ലിൽ നടന്നിട്ട് ഒരു കാര്യവുമില്ല. നമുക്ക് ഏത് രീതിയിലുള്ള വ്യായാമമാണ് ആവശ്യമുള്ളതെന്നും ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും മനസിലാക്കി ശാസ്ത്രീയമായ രീതിയിൽ വേണം ചെയ്യാൻ. തനിയെ ചെയ്താൽ ഇതൊന്നും ശരിയാവില്ലെന്ന് തോന്നി. പിന്നെ എനിക്ക് എന്ത് കാര്യം ചെയ്യണമെങ്കിലും നിർബന്ധിക്കാൻ ഒരാൾ വേണം. അല്ലെങ്കിൽ മടിപിടിക്കും. അങ്ങനെയാണ് ലക്ഷ്മി മേനോൻ എന്ന ട്രെയിനറിലേക്ക് വരുന്നത്. പുള്ളിക്കാരി എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിക്കുന്ന ഉഴപ്പാൻ അനുവദിക്കാത്ത ഒരു ട്രെയിനറാണ്. ലക്ഷ്മി മേനോന്റെ കരങ്ങളാണ് ഈ മാറ്റത്തിന് പിന്നിലെന്ന് പറഞ്ഞാലും അദ്ഭുതപ്പെടാനില്ല.
ദുബായ് തരുന്ന സന്തോഷം ജീവിതരീതിയെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കാനുള്ള സ്വാതന്ത്ര്യം ഈ സ്ഥലം തരുന്നു. നേരത്തേ ഞാൻ സ്‌കൈ ഡൈവിംഗ് ചെയ്തിരുന്നു, ഇപ്പോൾ ഒരുപാട് യാത്രകൾ ചെയ്യുന്നു. അതൊക്കെ ദുബായ് ജീവിതത്തിന്റെ ഭാഗമായി ലഭിക്കുന്നതാണ്.