simar-dugal

മുംബയ് : ഇന്ത്യയുടെ മുൻ സൂപ്പർ മോഡലും ഫാഷൻ ഡിസൈനറുമായ സിമർ ദുഗൽ അന്തരിച്ചു. 52 വയസായിരുന്നു. ക്യാൻസർ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഫാഷൻ ഡിസൈനർ റിതു കുമാർ, നടി മലൈക അറോറ, നടന്മാരായ റോഷൻ അബ്ബാസ്, രാഹുൽ ദേവ് തുടങ്ങി ഫാഷൻ, മോഡലിംഗ് മേഖലയിൽ നിന്നും നിരവധി പേർ സിമറിന്റെ നിര്യാണത്തിൽ അനുശോചനമർപ്പിച്ചു.

ആലിയ ഭട്ട്, നീതു കപൂർ, കരീപ കപൂർ, ശില്പ ഷെട്ടി തുടങ്ങിയ ബോളിവുഡ് നടിമാരുടെ പ്രിയപ്പെട്ട ഡിസൈനറായിരുന്നു സിമർ. വിവാഹ ശേഷം മോഡലിംഗ് രംഗത്തെത്തി സൂപ്പർ മോഡൽ പദവി കൈവരിക്കുന്ന അപൂർവം ചിലരിലൊരാളായിരുന്നു സിമർ. അമ്മയായ ശേഷമാണ് സിമർ മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ് രംഗത്ത് തിളങ്ങി നില്ക്കുന്നതിനിടെയാണ് ഫാഷൻ ഡിസൈനിംഗ് ലോകത്തേക്ക് സിമർ തിരിഞ്ഞത്.

പ്രേംജിത്ത് ദുഗലായിരുന്നു സിമറിന്റെ ഭർത്താവ്. ഇരുവരും നേരത്തെ വിവാഹമോചിതരായിരുന്നു. അമൃത്സറിൽ ജനിച്ച സിമർ 90കളിൽ ഇന്ത്യയിലെ പ്രമുഖ ഫാഷൻ ബ്രാൻഡുകളുടെ മോഡലായി റാംപിലെത്തി. ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ മോഡലുകളിൽ ഒരാളാണ് സിമർ. മകൻ അർജുൻ സിംഗ് ദുഗൽ ഡൽഹിയിൽ മെൻസ്‌വെയർ ഡിസൈനറാണ്.