ന്യൂയോർക്ക്:ലോകത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നത് ആശങ്കയുയർത്തുന്നു. ഇതുവരെയും കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,08,36,040 ആയി. ഇതുവരെ 7,47,863 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ രോഗബാധിതർ 53.60 ലക്ഷം കടന്നിരിക്കുകയാണ്. 1.37 കോടി പേർക്ക് മാത്രമാണ് ലോകത്താകമാനം കൊവിഡിൽ നിന്ന് മുക്തി നേടാനായത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് രോഗബാധയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നത്.
പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 67,066 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതേ സമയത്ത് അമേരിക്കയിൽ 50,886 പേർക്കും ബ്രസീലിൽ 58,081 പേർക്കും രോഗം ബാധിച്ചു. അതേസമയം, അന്തിമപരിശോധനകൾ പൂർത്തിയായിട്ടില്ലെങ്കിലും കൊവിഡ് വാക്‌സിൻ എത്രയും വേഗം ലഭ്യമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് റഷ്യ ഇപ്പോഴും.
ന്യൂസിലൻഡിൽ 14 കേസുകൾ കൂടി
ന്യൂസിലൻഡിനെ ആശങ്കയിലാക്കി പുതുതായി 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഓക്ലൻഡിൽ തന്നെയാണ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മൂന്നു മാസത്തിനു ശേഷം ഓക്ലൻഡിലെ ഒരു കുടുംബത്തിൽ നാല് പേർക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 13 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരെ ക്വാറന്റൈനിലാക്കി.
ബ്രസീലിൽ നിന്ന് ഇറക്കുമതിചെയ്ത ഇറച്ചിയിൽ വൈറസ് സാന്നിദ്ധ്യമെന്ന്
ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയുടെ സാമ്പിൾ പരിശോധനയിൽ കൊവിഡ് വൈറസ് കണ്ടെത്തിയെന്ന് ചൈന. ചൈനീസ് നഗരമായ ഷെൻഷെനിലേക്ക് ഇറക്കുമതി ചെയ്ത ഫ്രോസൻ ചിക്കൻ വിംഗ്സിന്റെ സാമ്പിൾ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്.ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ സാന്താ കാറ്ററീനയിലെ അറോറ അലിമെന്റോസ് പ്ലാന്റിൽ നിന്നാണ് ചിക്കൻ വന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഉത്പന്നവുമായി സമ്പർക്കം പുലർത്താൻ സാദ്ധ്യതയുള്ള ആളുകളിലും അനുബന്ധ ഉത്പന്നങ്ങൾ ഉപയോഗിച്ചവരിലും കൊവിഡ് പരിശോധന നടത്തിയെന്നും എല്ലാം നെഗറ്റീവായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.