മുബെയ്: ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സില്‍ നിക്ഷേപത്തിന് ഒരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസും.
ടിക്ക് ടോക്കിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കുകയാണ് ലക്ഷ്യം എന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. ചൈനീസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിരോധിച്ച ആപ്പുകളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ ജനപ്രിയമായ ടിക് ടോക്കും ഉണ്ടായിരുന്നു.
ടിക് ടോക്കിന് ഏറ്റവും കൂടതല്‍ ഉപഭോക്താക്കള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വരുമാനത്തിലും ടിക് ടോക്ക് ഇന്ത്യയിൽ മുന്നില്‍ ആയിരുന്നു. മൈക്രോസോഫ്റ്റും ട്വിറ്ററും ഉള്‍പ്പെടെ ടിക് ടോക് ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും അമേരിക്കന്‍ കമ്പനി ഏറ്റെടുത്തില്ലെങ്കില്‍ സെപ്റ്റംബര്‍ പകുതിയോടെ ടിക് ടോക്ക് യു.എസില്‍ നിരോധിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ബൈറ്റ് ഡാന്‍സുമായി ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതായി മൈക്രോസോഫ്റ്റും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് ബൈറ്റ്ഡാന്‍സ് അധികൃതര്‍ റിലയന്‍സുമായും ചര്‍ച്ച നടത്തുന്നത്. ഇന്ത്യയ്ക്ക് പുറമെ യു.എസ്, ആസ്‌ട്രേലിയ, ന്യൂസിലന്റ്, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ബിസിനസ് ഏറ്റെടുക്കാന്‍ ആണ് മൈക്രോസോഫ്റ്റ് സന്നദ്ധത അറിയിച്ചിരിയ്ക്കുന്നത്. ഇന്ത്യയിലെ ബിസിനസിലാണ് റിലയന്‍സിന് താല്‍പ്പര്യം.