bjp-rajst

ജയ്‌പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപ മുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈല‌റ്റും തമ്മിലെ അധികാര തർക്ക പ്രശ്‌നങ്ങൾ തിങ്കളാഴ്‌ചയോടെ ഏതാണ്ട് അടങ്ങിയിരിക്കുകയാണ്. തന്റെ ഭാഗത്തുള‌ള എംഎൽഎമാരെ ഉപയോഗിച്ച് മാത്രം ഗെഹ്‌ലോട്ടിനെ താഴെയിറക്കാനാകില്ലെന്ന് കണ്ട് നേതൃത്വവുമായി സംസാരിച്ച് പ്രശ്‌നങ്ങൾ സച്ചിൻ പൈല‌റ്റ് രമ്യതയിലെത്തിച്ചു. അതോടെ ഇത്രനാൾ രാജസ്ഥാനിലെ നാടകങ്ങളിൽ നേരിട്ട് പങ്കെടുക്കാത്ത സംസ്ഥാന ബിജെപി നേതൃത്വം ഇപ്പോൾ പുതിയ നീക്കവുമായി കളം പിടിക്കാനൊരുങ്ങുകയാണ്. ഗെഹ്‌ലോട്ട് സർക്കാരിന് അധികം ആയുസില്ലെന്നും അതിനാൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുമാണ് സംസ്ഥാന ബിജെപിയുടെ തീരുമാനം.

ജൂലായ് മാസത്തിൽ കോൺഗ്രസിലെ പ്രതിസന്ധി ഉടലെടുത്ത ശേഷം ആദ്യമായി ഇന്ന് ബിജെപി എം.എൽ.എമാരുടെ യോഗം വിളിച്ചു ചേർത്തു. വസുന്ധര രാജെ സിന്ധ്യയും മ‌റ്റ് മുതിർന്ന ബിജെപി നേതാക്കളുമാണ് യോഗം വിളിച്ചത്.

തങ്ങൾ വെള‌ളിയാഴ്‌ച സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷനേതാവ് ഗുലാബ് ചന്ദ് കട്ടാരിയ അഭിപ്രായപ്പെട്ടു. മുൻപ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനോട് ബിജെപി പ്രതികരിച്ചിരുന്നില്ല. പകരം കോൺഗ്രസ് സർക്കാർ ഭൂരിപക്ഷം തെളിയിക്കാനാണ് അന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ചേർന്ന യോഗ ശേഷം കോൺഗ്രസ് സർക്കാർ അഞ്ച് വർഷം തികയ്‌ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ അഭിപ്രായപ്പെട്ടു.

സച്ചിൻ പൈല‌റ്റ് ബിജെപിയുമായി ചേർന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തി എന്ന് ഗെഹ്‌ലോട്ട് മുൻപ് ആരോപിച്ചിരുന്നു. പാർട്ടി വിട്ട് പുറത്ത് പോയിട്ടില്ലെങ്കിലും സച്ചിൻ പൈല‌റ്റിനെ പൂർണതോതിൽ വിശ്വാസത്തിലെടുക്കാൻ അശോക് ഗെഹ്‌ലോട്ട് ഇതുവരെ തയ്യാറായിട്ടില്ല. അധികാര തർക്കത്തിനിടെ ബി.എസ്.പിയിൽ നിന്ന് കൂറ്മാറി കോൺഗ്രസിൽ ചേർന്ന ആറ് എം.എൽ.എമാർക്കെതിരെ സുപ്രീംകോടതിയിലെ കേസിൽ ഇടക്കാലവിധി കോടതി പുറപ്പെടുവിക്കാത്തത് രാജസ്ഥാൻ സർക്കാരിന് ഗുണകരമാണ്.

നിലവിൽ 200 അംഗ നിയമസഭയിൽ 18ഓളം പേർ സച്ചിനൊപ്പമുള‌ളപ്പോൾ സർക്കാരിനൊപ്പമുള‌‌ളവർ 102 ആണ് . 72 എം.എൽ.എമാരാണ് ബിജെപിക്കുള‌ളത്. രാജസ്ഥാനിൽ ഭരണകക്ഷി ഭൂരിപക്ഷം വേണ്ടത് 101 ആണ്. മുപ്പതുപേരുടെ കൂടി ഭൂരിപക്ഷമുണ്ടെങ്കിലെ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിയൂ. 30 പേരാണ് തങ്ങൾക്കൊപ്പമെന്ന് സച്ചിൻ പൈല‌റ്റ് ക്യാമ്പ് അവകാശപ്പെടുന്നുവെങ്കിലും 19 പേരാണ് നിലവിലുള‌ളത്. നിയമസഭാ കക്ഷിയോഗം നാളെ നടക്കുന്നതിന് മുന്നോടിയായി അശോക് ഗെഹ്‌ലോട്ടിന്റെ വസതിയിൽ വച്ച് കോൺഗ്രസ് നിയമസഭാ കക്ഷി യോഗമുണ്ട്.ഇതിലേക്ക് സച്ചിനെയും ക്ഷണിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് ശേഷം ആദ്യമായി സച്ചിനും അശോക് ഗെഹ്‌ലോട്ടും നേർക്കുനേർ വരുന്ന യോഗമാണിത്. സച്ചിനൊപ്പമുള‌ള എം.എൽ.എമാരുടെ സസ്‌പെൻഷൻ പിൻവലിച്ചിട്ടുണ്ട്. അതേ സമയം ബിജെപി ക്യാമ്പിൽ ഐക്യമില്ലാത്തത് ഗെഹ്‌ലോട്ടിന് വലിയ ആശ്വാസവും നൽകുന്നുണ്ട്.