k-t-jaleel

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന് ലോകായുക്ത നോട്ടിസ്. റംസാൻ കിറ്റുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റുമായി നടത്തിയ ആശയവിനിമയ വിവരങ്ങൾ ഹാജരാക്കാൻ മന്ത്രിയോട് ലോകായുക്ത നിർദേശിച്ചു. ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം ഈ മാസം 27ന് മുമ്പ് നൽകണമെന്നാണ് ആവശ്യം. അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോദ്ധ്യപ്പെടുത്തണം എന്നാണ് ലോകയുക്ത മന്ത്രിയോട് ആവശ്യപ്പെട്ടത്.

യൂത്ത് കോൺഗ്രസ് നേതാവ് രോഹിത് സമർപ്പിച്ച ഹർജിയുടെ മേലാണ് നടപടി. റംസാൻ കിറ്റുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ഉൾപ്പെടെയാണ് ഹർജി ഫയൽ ചെയ്‌തിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് ചീഫ്സെക്രട്ടറിയോടും ലോകായുക്ത ആരാഞ്ഞിട്ടുണ്ട്.

കെ.ടി ജലീൽ മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ലഗേജ് സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ല. കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെടുന്ന ജലീൽ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തരുതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.