ടൊറോന്റോ: കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുടെ ജീവിതം ഒരു ചിത്രകഥാ രൂപത്തിലായി വായനക്കാർക്ക് മുന്നിലെത്തുന്നു. ജസ്റ്റിൻ ട്രുഡോയുടെ കുട്ടിക്കാലവും രാഷ്ട്രീയത്തിലേക്കുള്ള വളർച്ചയും ഒക്കെ കുട്ടികൾക്കു മനസിലാകും വിധത്തിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ടിഡൽ വേവ് പ്രൊഡക്ഷൻസ് ഗ്രാഫിക് ഡിസൈനോടു കൂടി തയാറാക്കുന്ന 24 പേജുള്ള പുസ്തകം സെപ്തംബർ 16ന് വിപണിയിലെത്തും. പൊളിറ്റിക്കൽ പവർ ജസ്റ്റിൻ ട്രൂഡോ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പബ്ളിഷേഴ്സ് അവരുടെ പൊളിറ്റിക്കൽ പവർ സീരിസിലുൾപ്പെടുത്തിയാണ് വിപണിയിലെത്തിക്കുന്നത്.
ബറാക ഒബാമ, ഡൊണാൾഡ് ട്രംപ്, ജോർജ് ബുഷ്, കോണ്ടലീന റൈസ് തുടങ്ങി നിരവധി നേതാക്കളുടെ ജീവചരിത്രം ഇവർ പുസ്തകരൂപത്തിലാക്കിയിട്ടുണ്ട്. ഒട്ടാവയിൽ 1971 ഡിസംബർ 25ന് ജനിച്ച ജസ്റ്റിൻ 2015ലാണ് കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. അദ്ധ്യാപകനായിരിക്കെയാണ് അച്ഛൻ പിയരെ ട്രുഡോയുടെ പാത പിന്തുടർന്ന് ജസ്റ്റിനും രാഷ്ട്രീയത്തിലിറങ്ങുന്നതും പ്രധാനമന്ത്രി പദത്തിലെത്തുന്നതും. ക്യാമറയെ അഭിമുഖീകരിക്കാനുള്ള കഴിവും എന്ത് പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിടുന്ന പ്രകൃതവും ജസ്റ്റിന് നിറയെ ആരാധകരെ സമ്മാനിച്ചിട്ടുണ്ട്.