chunakkara-ramankutty

എന്റെ കുടുംബവീടിനടുത്തെ ചെറിയ ജംഗ്ഷനായ കുറ്റിയാംമൂട്ടിൽ ചന്ദ്രൻപിള്ളയുടെ ചായക്കടയിൽ പാലുമായി പോകുമ്പോൾ ചുനക്കര രാമൻകുട്ടി എന്ന പേര് കേട്ടു. ആ പേരിനൊപ്പം മധുരമായ ഒരു ഗാനം ഒഴുകിവന്നു. കടയ്ക്കുള്ളിലെ ഷെൽഫിനുമുകളിൽ വലിയ ഒരു റേഡിയോ ഇരുന്നു പാടുന്നു. പാട്ടു തീരുവോളം ഞാനവിടെനിന്നു. ഒരിക്കലല്ല,​ എത്രയോ ദിനങ്ങൾ. വയലാറിന്റെ,​ പി. ഭാസ്കരന്റെ,​ ഒ.എൻ.​വിയുടെ പേരുകൾക്കൊപ്പം ചുനക്കര രാമൻകുട്ടിയുടെ പേരും ഹൃദയത്തിൽ ചേക്കേറിയത് അങ്ങനെയാണ്. കവിയുടെ ശബ്ദം അന്തരീക്ഷത്തിന്റെ സംഗീതമാണെന്ന് ബാല്യ കൗമാരങ്ങൾ എന്നോട് പറഞ്ഞുതന്നിട്ടുണ്ട്. ദേവീ​ നിൻരൂപം​ ശിശിരമാസക്കുളിർരാവിൽ,​ ദേവദാരു പൂത്തു,​ സിന്ദൂരത്തിലകവുമായി പുള്ളിക്കുയിലേ... തുടങ്ങിയ ഗാനങ്ങളുടെ ചിറകിലേറി ഞാനെത്ര പറന്നിട്ടുണ്ട്. ആ കവി ഭൂമിയിലെ എല്ലാ ഈടുവയ്പുകളോടും യാത്രപറഞ്ഞ് മടങ്ങിപ്പോയി.

വാത്സല്യം എന്നത് ഒരു വാക്കല്ല,​ അനുഭവമാണ്. അത് നൽകാനാവുന്നതും അനുഭവിക്കാനാവുന്നതുമാണ് ഏറ്റവും വലിയ ഭാഗ്യം. സാഹിത്യമൊഴിച്ച്,​ ഒരു ഒരു മുൻപരിചയവുമില്ലാതെ എനിക്കു വാത്സല്യംതന്ന പിതൃതുല്യനാണ് സ്വർഗത്തിന്റെ താഴ്വരയിലേക്കു മടങ്ങിപ്പോയ ചുനക്കര രാമൻകുട്ടി. അദ്ദേഹത്തിന്റെ സൂപ്പർഹിറ്റു ഗാനങ്ങളുടെ സമാഹാരം ഉൾപ്പെടെ രണ്ടു പുസ്തകങ്ങൾക്ക് അവതാരിക എഴുതാൻ എന്നെ ഏൽപ്പിച്ചതിനുപിന്നിലും ആ വാത്സല്യത്തിന്റെ സാന്നിദ്ധ്യം ഞാൻ കാണുന്നു. എന്നോട് മാത്രമല്ല കലാസാഹിത്യമേഖലയിലുള്ള എല്ലാവരോടും വളരെ സ്നേഹത്തോടും കരുതലോടും മാത്രമേ ചുനക്കര ഇടപെടാറുണ്ടായിരുന്നുള്ളൂ. ചുനക്കരയുടെ നല്ല മക്കൾക്ക് നഷ്ടപ്പെട്ടതാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ എനിക്കും നഷ്ടമായത് എന്ന് ഞാൻ തിരിച്ചറിയുന്നു. ഒരുപാട് സാഹിത്യയാത്രകൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. പല കാര്യങ്ങളിലും ഞാൻ കയർത്ത് സംസാരിക്കുമ്പോഴും നിലാവുപോലെ ചിരിച്ചുകൊണ്ടാണ് ചുനക്കര അതിനെ നേരിട്ടിരുന്നത്. രൂപത്തിലുള്ള സൗന്ദര്യം ആ മനസിനും ഉണ്ടായിരുന്നു. ഒരുപാട് സ്നേഹിച്ചിട്ടുള്ള നമ്മൾ തമ്മിൽ പിണങ്ങിയിട്ടുമുണ്ട്. ആ പിണക്കം മറ്റ് ചിലർ ഉണ്ടാക്കിയതാണെന്ന് ആദ്ദേഹത്തിന്റെ ആത്മാവ് കാണുന്നുണ്ടെന്ന് ഞാനറിയുന്നു.