a-k-balan

പാലക്കാട്: യു.ഡി.എഫിലെ കക്ഷികളൊന്നും ദുരിതാശ്വാസനിധിയിലേക്ക് ഒന്നും തരുന്നില്ലെന്ന പരാതിയുമായി മന്ത്രി എ.ക ബാലൻ. മുസ്ലീം ലീഗുകാർ സഹകരിച്ചെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതൽ പണം എത്തുമായിരുന്നു. സക്കാത്ത് നൽകുന്ന ലീഗുകാർ പോലും ദുരിതാശ്വാസനിധിയിലേക്ക് ഒന്നും തന്നില്ലെന്നും എ.കെ ബാലൻ കുറ്റപ്പെടുത്തി.

ലൈഫ് പദ്ധതിയിൽ കമ്മിഷൻ കൊടുത്തവരും വാങ്ങിയവരും തമ്മിൽ സർക്കാരിന് ബന്ധമില്ല. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലെ ധാരണപത്രം വിവരാവകാശം ചോദിച്ചാൽ കിട്ടുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കരാറിന് കേന്ദ്ര അനുമതി കിട്ടിയിട്ടുണ്ടോയെന്ന് അറിയില്ല. റെഡ് ക്രെസന്റും ലൈഫ് മിഷനും തമ്മിലെ കരാറിന് നിയമ വകുപ്പ് അനുമതി നൽകിയിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടില്ല. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഫയൽ നിയമ മന്ത്രി കാണേണ്ടതില്ലെന്നും മന്ത്രിയല്ല നിയമോപദേശം നൽകുന്നതെന്നും എ.കെ ബാലൻ പറഞ്ഞു.

കരാറിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് മനസിലാക്കുന്നത്. യു.ഡി.എഫ് ഭരണത്തിൽ ശിവശങ്കർ കെ.എസ്.ഇ.ബി ചെയർമാനായിരിക്കുമ്പോൾ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിക്കാൻ 25 വർഷത്തേക്ക് കരാറുണ്ടാക്കി. യൂണിറ്റിന് നാല് രൂപ വച്ച് 66,229 കോടി രൂപയുടെ കരാറാണ് ഉണ്ടാക്കിയത്. എന്നാൽ 22000 കോടി രൂപയുടെ പദ്ധതിക്ക് മാത്രമായിരുന്നു അനുമതി ലഭിച്ചത്. 42000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണ് ഇത്. റെഗുലേറ്ററി കമ്മീഷൻ നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും യു.ഡി.എഫ് സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയെന്നും ബാലൻ ചൂണ്ടിക്കാട്ടി.

25 വർഷത്തേക്ക് സാധാരണ കരാറുണ്ടാക്കാറില്ല. ഈ കരാർ തെറ്റാണെങ്കിൽ എന്തിന് സർക്കാർ അംഗീകാരം നൽകിയെന്ന് വ്യക്തമാക്കണം. അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെയും വൈദ്യുതി മന്ത്രി, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെയും അറിവോടെയാണോ കരാറുണ്ടാക്കിയതെന്നും അതോ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണോ കരാറുണ്ടാക്കിയതെന്നും വ്യക്തമാക്കണമെന്നും എ.കെ ബാലൻ പറഞ്ഞു.

രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരമില്ലാതെ തന്നെ ഇടതുസ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ ആ സമയത്ത് അവിശ്വാസവുമായി യു.ഡി.എഫ് രംഗത്ത് വന്നു. ഈ ഘട്ടത്തിൽ നിയമസഭ ചേരുന്നത് ആശങ്കയാണ്. പ്രതിപക്ഷം ഇത് മനസിലാക്കുന്നില്ല. പ്രതിപക്ഷത്തിന്റേത് ആത്മഹത്യപരമായ തീരുമാനമാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇടത് മുന്നണിക്കുണ്ട്. അവിശ്വാസ പ്രമേയം പിന്നെയുമാകാം. ഈ അവിശ്വാസ പ്രമേയം വിശ്വാസ പ്രമേയമായി മാറും. പൊതുജനങ്ങൾക്ക് മുന്നിൽ പ്രതിപക്ഷം അപഹാസര്യരാകും. യു.ഡി.എഫിന്റെ എണ്ണം കുറയുമെന്നല്ലാതെ അവിശ്വാസം കൊണ്ട് അവർക്ക് ഒരു ഗുണവുമില്ല. പ്രതിപക്ഷത്തിന്റേത് രാജ്യദ്രോഹമാണ്. ഒരു ചാനൽ നടത്തിയ സർവേയിൽ ഇടതു മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് പറയുന്നു. ശബരിമല വിമാനത്താവളം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എ.കെ ബാലൻ കുറ്റപ്പെടുത്തി.