അംഗാര: ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ തുർക്കിയിലെ മറ്റൊരു മ്യൂസിയവും മുസ്ളിം പള്ളിയാക്കുന്നു. പടിഞ്ഞാറൻ ഇസ്താംബൂളിലുള്ള ബൈസന്റൈൻ മദ്ധ്യകാലഘട്ടത്തിലെ ദേവാലയമായിരുന്ന ചോറയാണ് പിന്നീട് മ്യൂസിയമായി മാറിയത്. ഈ മ്യൂസിയം പള്ളിയാക്കാനാണ് എർദൊഗാന്റെ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഓട്ടോമൻ ആണ് ആദ്യം ഈ ക്രിസ്ത്യൻ ദേവാലയത്തെ മുസ്ലിംപള്ളിയാക്കിയത്. പിന്നീട് ആധുനിക, മതേതര തുർക്കി സ്ഥാപിതമായ ശേഷം ഇവിടം മ്യൂസിയമായി. ഓട്ടോമൻ കാലഘട്ടത്തിൽ എടുത്തുകളഞ്ഞ ആരാധന ശില്‍പങ്ങളും മറ്റും വീണ്ടും സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ ഈ മ്യൂസിയം പള്ളിയാക്കണമെന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വിസ്മയകരമായ ശില്‍പങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും പേരിൽ ഈ മ്യൂസിയം പ്രശസ്തമാണ്.