എണ്ണമറ്റ രാജവംശങ്ങളും പുരാതന കോട്ടകളും ഉറങ്ങുന്ന മണ്ണാണ് ഇന്ത്യ. കാലം മാറി ജനാധിപത്യ ഭരണം വന്നതോടെ രാജഭരണവും രാജാക്കൻമാരും ചരിത്രതാളുകളിലേക്ക് ഒതുങ്ങി. എങ്കിലും ഇപ്പോഴും ഇന്ത്യയിൽ മഹാരാജാക്കന്മാരും മഹാറാണിമാരുമുണ്ട്. പഴയ പോലെ ഭരണം കൈയ്യിലില്ലെങ്കിലും രാജപരമ്പരയിൽപ്പെട്ടവർ ഇന്നും പ്രൗഡിയോടെ ജീവിക്കുന്നു. പണ്ടത്തെ വേഷ ശൈലിയൊന്നുമല്ല, കാലം മാറുന്നതിനൊടൊപ്പം ഇവരുടെ വസ്ത്രങ്ങളിലും രാജകീയ ജീവിത ശൈലികളിലും മാറ്റവും വന്നിട്ടുണ്ട്.
ഇന്നത്തെ ഇന്ത്യൻ രാജകുടുംബങ്ങളിൽ ഏറ്റവും പ്രസിദ്ധരായ ബറോഡയിലെ മഹാരാജാ സിമർജിത് സിംഗ് റാവു ഗായെക്വാദിനെയും പത്നി മഹാറാണി രാധിക രാജെയും പറ്റിയാണ് പറഞ്ഞു വരുന്നത്. ഇന്ത്യയിലെ ' മോഡേൺ മഹാറാണി ' എന്നാണ് ദ മില്യനയർ ഏഷ്യാ മാഗസിൻ രാധികയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ ചരിത്രത്തിൽ 'മാസ്റ്റർ ഡിഗ്രി'യുള്ള മഹാറാണി
2002ലാണ് രാധിക സിമർജിതിനെ വിവാഹം കഴിക്കുന്നത്. വാങ്കനർ രാജകുടുംബാംഗമായ രാധിക ഡോ. രഞ്ജിത് സിൻഹ്ജി മഹാരാജാവിന്റെ മകളാണ്. രാധിക ജനിച്ചതും വളർന്നതും രാജകുടുംബത്തിന്റെ പ്രൗഡിയിലാണ്. ഇപ്പോഴിതാ കുടുംബ ജീവിതം നയിക്കുന്നത് മറ്റൊരു രാജകുടുംബത്തിലും. ഇന്ത്യൻ ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ രാധിക വിവാഹത്തിന് മുമ്പ് പ്രമുഖ പത്രങ്ങളിലും മാസികകളിലും ജേർണലിസ്റ്റായി പ്രവർത്തിച്ചിരുന്നു. മാദ്ധ്യമ പ്രവർത്തനത്തിൽ മാത്രമല്ല, പരമ്പരാഗത ഫാഷൻ മേഖലയിലും പ്രാവണ്യമുള്ളയാളാണ് രാധിക.
മറാത്താ ഹിന്ദു രാജവംശമായ ഗായക്വാദിന്റെ ഇപ്പോഴത്തെ തലവനാണ് മഹാരാജാ സിമർജിത് സിംഗ് ഗായക്വാദ്. 2012 മുതൽ ബറോഡയുടെ ' അനൗദ്യോഗിക മഹാരാജാവ് ' എന്ന പദവി അലങ്കരിക്കുകയാണ് ഇദ്ദേഹം. മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൂടിയായ ഇദ്ദേഹം ഇന്ന് ഒരു ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററാണ്. മോട്ടി ബാഗ് സ്റ്റേഡിയത്തിൽ ഒരു ക്രിക്കറ്റ് അക്കാഡമിയും ഇദ്ദേഹം നടത്തുന്നുണ്ട്. ക്രിക്കറ്റ് കൂടാതെ ഗോൾഫിലും കമ്പമുള്ളയാളാണ് സിമർജിത്. ഗോൾഫ് കളിസ്ഥലവും ഒരു ക്ലബ് ഹൗസും സിമർജിത് തന്റെ കൊട്ടാര വളപ്പിൽ നിർമിച്ചിട്ടുണ്ട്.
വഡോദരയുടെ ' ബെക്കിംഗ്ഹാം '!
മഹാറാണി രാധികയേയും മഹാരാജാ സിമർജിതിനെയും ഇന്ന് ലോക പ്രശസ്തമാക്കുന്നത് ഗായക്വാദ് രാജകുടുംബത്തിന്റെ ഔദ്യോഗ വസതിയും ആഡംബരത്തിന്റെ അവസാന വാക്കുമായ ലക്ഷ്മി വിലാസ് പാലസാണ്. ഗുജറാത്തിലെ വഡോദരയുടെ ഹൃദയ ഭാഗത്താണ് ഇന്തോ - ഗോഥിക് ശൈലിയിൽ നിർമിക്കപ്പെട്ട ഈ പടുകൂറ്റൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1890ൽ മഹാരാജ സയജിറാവു ഗായക്വാദാണ് ലക്ഷ്മി വിലാസ് പാലസിന്റെ നിർമാണം പൂർത്തിയാക്കിയത്. ഏകദേശം 27,00,000 ആയിരുന്നു അന്ന് കൊട്ടാരത്തിന്റെ നിർമാണ ചെലവ്.
1878ലാണ് കൊട്ടാരത്തിന്റെ നിർമാണം തുടങ്ങിയത്. 12 വർഷത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് ലക്ഷ്മി വിലാസ് പാലസിന്റെ നിർമാണം വിജയകരമായി പൂർത്തിയായത്. പക്ഷേ, കൊട്ടാരത്തിന്റെ പണി തീരും മുമ്പ് അതിന്റെ ആർക്കിടെക്ചറായിരുന്ന മേജർ ചാൾസ് മാന്റ് ആത്മഹത്യ ചെയ്തു. കൊട്ടാരം അധികനാൾ നിലനില്ക്കില്ലെന്നും തകരുമെന്നുമായിരുന്നു ചാൾസിന്റെ കണക്കുകൂട്ടൽ. എന്നാലിപ്പോൾ വർഷം 140 പിന്നിട്ടിരിക്കുന്നു. ലക്ഷ്മി വിലാസ് പാലസിന് യാതൊരു കുഴപ്പവുമില്ല. ഗായക്വാദ് രാജവംശത്തിന്റെ പാരമ്പര്യം വിളിച്ചോതി തലയെടുപ്പോടെ തന്നെ ഉയർന്നു നിൽക്കുന്നു.
വിശാലമായ 500 ഏക്കർ പ്രദേശത്താണ് ലക്ഷ്മി വിലാസ് പാലസ് സ്ഥിതി ചെയ്യുന്നത്. 176 മുറികൾ ഇവിടെയുണ്ട്. മറ്റൊരു കാര്യമെന്തെന്നാൽ ലണ്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരത്തിന്റെ നാലിരിട്ടി ഇന്ത്യയിലെ ഈ കൊട്ടാരത്തിനുണ്ടെന്നുള്ളതാണ്. ഇതുവരെ നിർമിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭവന സമുച്ഛയമായാണ് ലക്ഷ്മി വിലാസ് പാലസിനെ കണക്കാക്കുന്നത്. ഇന്ത്യയിൽ നിന്നും മാത്രമല്ല, വിദേശത്ത് നിന്നും എത്തിച്ച ഒട്ടനവധി വസ്തുക്കൾ ഉപയോഗിച്ചാണ് കൊട്ടാരം പടുത്തുയർത്തിയിരിക്കുന്നത്.
ആഗ്രയിൽ നിന്നുള്ള റെഡ് സാൻഡ്സ്റ്റോൺ, രാജസ്ഥാനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള മാർബിളുകൾ, പൂനെയിൽ നിന്നുള്ള ബ്ലൂ ട്രാപ് സ്റ്റോണുകൾ തുടങ്ങിയവ ഇന്നും ഇവിടെയെത്തുന്നവർക്ക് മുന്നിൽ ഒരു മങ്ങലുമേൽക്കാതെ നിലകൊള്ളുന്നു. 300 അടി ഉയത്തിലുള്ള ക്ലോക്ക് ടവറാണ് കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ ഇതിലെ മണി ഇതുവരെ മുഴക്കിയിട്ടില്ല. കാരണം കൂറ്റൻ മണിയുടെ ശബ്ദം താമസക്കാർക്ക് ശല്യമാകുമെന്നത് തന്നെയാണ്. കൊട്ടാരത്തിൽ മഹാരാജാവുണ്ടെങ്കിൽ ഗോപുരത്തിൽ ഒരു ചുവന്ന പ്രകാശം തെളിഞ്ഞു നില്ക്കും. ഈ പാരമ്പര്യം ഇന്നും പിന്തുടരുന്നുണ്ട്.
ലോകത്ത് മറ്റേതൊരു കൊട്ടാരത്തിൽ കാണാവുന്നതിലുമധികം ചായം പൂശിയ ജനൽച്ചില്ലുകൾ ലക്ഷ്മി വിലാസ് പാലസിൽ കാണാം. വിശാലമായ കൊട്ടാര വളപ്പിൽ ഒരു മ്യൂസിയം കൂടിയുണ്ട്. ' മഹാരാജാ ഫത്തേഹ് സിംഗ് മ്യൂസിയം' എന്നാണ് ഇതിന്റെ പേര്. വഡോദരയിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഗായക്വാദ് രാജവംശത്തിന്റെ ലക്ഷ്മി വിലാസ് പാലസ്. കൊട്ടാരത്തിനുള്ളിൽ കടക്കാനുള്ള എൻട്രി ഫീസ് 150 രൂപയാണ്. മ്യൂസിയം സന്ദർശിക്കണമെങ്കിൽ 60 രൂപ അധികം നൽകണം.