ബെയ്റൂട്ട്: തനിക്കായി ഒരുക്കിയ സുന്ദര നിമിഷങ്ങളിൽ പങ്കു ചേരാനാവാതെ, ഇനിയൊരിക്കലും ഉണരാത്ത നിദ്രയിലായിരുന്നു സഹർ. ബെയ്റൂട്ട് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളാണ് സഹർ ഫാരിസെന്ന 27 കാരിയായ ഫയർ ബ്രിഗേഡ് ജീവനക്കാരി. പ്രതിശ്രുത വരനായ ഗിൽബർട്ട് കിരാനും ബന്ധുക്കളും ചേർന്ന് വികാരനിർഭരമായ വിവാഹപാർട്ടിയാണ് കഴിഞ്ഞ വ്യാഴാഴ്ച അവൾക്കായി ഒരുക്കിയത്. സ്വർണനിറത്തിലുള്ള എംബ്രോയിഡറി ചെയ്ത വൈറ്റ് ഗൗണുകളണിഞ്ഞ വെഡ്ഡിംഗ് ബാൻഡിലെ ഗായകർ അവൾക്കായി ഇമ്പമുള്ള ഗാനങ്ങൾ വായിച്ചു. കൂട്ടുകാരും കുടുംബക്കാരും അവൾക്കുമേൽ പുഷ്പവൃഷ്ടി നടത്തി... ഒടുവിൽ യൂണിഫോം ധരിച്ച ഫയർഫൈറ്റർമാർ, സഹറിന്റെ മൃതശരീരമടങ്ങിയ പെട്ടി വാഹനത്തിലേക്ക് കയറ്റി. ഗിൽബർട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞുകൊണ്ടിരുന്നു..., 'നീ വരാനാഗ്രഹിച്ചവരെല്ലാം ഇവിടെയുണ്ട് സഹർ, തൂവെള്ള വിവാഹ വസ്ത്രത്തിലുണ്ടാകേണ്ടിയിരുന്ന നീയൊഴികെ...' ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ, ലോകമൊന്നാകെ സഹറിനായി കണ്ണീരൊഴുക്കുകയാണ്. വടക്കൻ ലെബനനിലെ അൽ ക്വാ ഗ്രാമത്തിലാണ് സഹർ വളർന്നത്. അലൂമിനിയം വെൽഡറായ പിതാവും സ്കൂൾ ടീച്ചറായ മാതാവും രണ്ടു സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന് സർക്കാർ ജോലി ഏറെ സഹായകമാകുമെന്ന കണക്ക് കൂട്ടലിലാണ് നഴ്സായിരുന്ന സഹർ, വനിതകൾ സേവനം ചെയ്യാൻ മടിക്കുന്ന ഫയർ ബ്രിഗേഡിൽ എമർജൻസി മെഡിക്കൽ വർക്കറായി ജോലി നേടിയത്.