kamala-harris

വില്ലിംഗ്ടൺ: ഡെമോക്രാറ്റിക്​ പാർട്ടിയുടെ വൈസ്​ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ വംശജയായ കമല ഹാരിസ്. പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ സ്വദേശമായ വില്ലിംഗ്ടണിലെ സ്കൂളിൽ നടന്ന പരിപാടിയിലാണ് കമല സംയുക്ത പ്രചാരണം ആരംഭിച്ചത്. ജോ ബൈഡനൊപ്പമാണ് കമല ഹാരിസ് വേദിയിലെത്തിയത്.

ഡൊണാൾഡ് ട്രംപിന് പ്രസിഡന്റ് ആയിരിക്കാൻ യോഗ്യതയില്ലെന്ന് കമല ഹാരിസ് പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന വംശീയ വിഭജനം ഇല്ലാതാക്കാൻ ട്രംപിന് സാധിച്ചില്ല. വംശീയത‍യും അനീതിയും തെരുവിൽ പ്രകടമാകുന്ന സ്ഥിതിവിശേഷമാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി. കൊവിഡ് വ്യാപനം തടയുന്നതിന് ട്രംപ് ഭരണകൂടം പരാജയപ്പെട്ടു. ഇത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കാൻ ഇടയാക്കിയെന്നും കമല ആരോപിച്ചു.

കമല ഹാരിസ് മിടുക്കിയും ശക്ത‍യും പ്രവൃത്തിപരിചയമുള്ള വ്യക്തിയുമാണെന്ന് ജോബൈഡൻ പറഞ്ഞു. കുടിയേറ്റ കുടുംബത്തിലെ കുട്ടിയാണ്. കുടിയേറ്റ കുടുംബങ്ങളുടെ അവസ്ഥ നമ്മുടെ രാജ്യത്ത് എത്രമാത്രം സമ്പന്നമാണെന്ന് കമലയ്ക്ക് വ്യക്തിപരമായി അറിയാം. കൂടാതെ, യു.‌എസിൽ ഒരു കറുത്ത, ഇന്ത്യൻ-അമേരിക്കൻ ആയി വളരുകയെന്നതിന്റെ വെല്ലുവിളിയും അവർക്കറിയാമെന്നും ജോ ബൈഡൻ ചൂണ്ടിക്കാട്ടി.