ബാങ്കോക്ക്: കൊവിഡിന്റെ ഉത്ഭവത്തെ തേടിയിറങ്ങിയിരിക്കുകയാണ് തായ്‌ലൻഡ് ഗവേഷകർ. ഇതിനായി തായ്‌ലൻഡിലെ ഗ്രാമപ്രദേശങ്ങളിലെയും ഗുഹകളിൽ നിന്ന് വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഇക്കൂട്ടർ. ലോകമെമ്പാടും 20.5 മില്യൺ മനുഷ്യരാണ് കൊവിഡ് മഹാമാരിയിൽ പെട്ടുലഴുന്നത്. അതിൽ ഏഴു ലക്ഷത്തിലധികം പേർ രോഗത്തോട് മല്ലിടാനാകാതെ മരണത്തിന് കീഴടങ്ങി. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ ചില വവ്വാലുകളിൽ ഈ വൈറസ് കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് തായ്‌ലൻഡ് സംഘം ഗവേഷണത്തിനായി ഇറങ്ങിയത്. കാഞ്ചനാബുരിയിലെ മൂന്ന് ഗുഹകളിൽ നിന്നായി 200ലധികം വവ്വാലുകളെയാണ് കണ്ടെത്തിയത്. ഇവയുടെ ഉമിനീർ, രക്തം, കാഷ്ടം എന്നിവയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്ണ തായ് റെഡ്ക്രോസ് എമർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസ് ഹെൽത്ത് സയൻസ് സെന്ററിലാണ് സാമ്പിളുകൾ പരിശോധിക്കുക. കൊറോണ വൈറസിന്റെ പകർപ്പ് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഗവേഷണ സംഘം അറിയിച്ചു.