ബീജിംഗ്: ഭക്ഷണസാധനങ്ങൾ പാഴാക്കുന്നത് തടയാൻ നടപടിയുമായി ചൈന. ഇതിനായി ഓപ്പറേഷൻ എംപ്റ്റി പ്ലേറ്റ് എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കുകയാണ് ചൈനീസ് ഭരണകൂടം. രാജ്യത്ത് ഈ അടുത്ത കാലത്ത് നടന്ന വെള്ളപ്പൊക്കവും അതിനെ തുടർന്നുണ്ടായ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റവുമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണത്തിനെക്കാൾ കൂടുതൽ വിഭവങ്ങൾ ഓർഡർ ചെയ്യുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തിൽ ഇത് സംബന്ധിച്ച് പരാമർശങ്ങൾ നടത്തിയിരുന്നു. രാജ്യത്തു ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ അളവ് വളരെ കൂടുതലാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ജിൻപിംഗ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭക്ഷ്യസുരക്ഷയെ കുറിച്ച് ഓരോരുത്തരും ചിന്തിക്കേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
വുഹാൻ കാറ്ററിംഗ് ഇൻഡസ്ട്രി അസോസിയേഷൻ നഗരത്തിലെ റെസ്റ്റോറന്റുകളോട് "എൻ -1 ഓർഡറിംഗ്" എന്ന ഒരു സംവിധാനം പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടു, അതിലൂടെ ഒരു സംഘം ആളുകൾ ഭക്ഷണം കഴിക്കുന്നതിനായി എത്തിയാൽ ഓർഡർ ചെയ്യുന്ന വിഭവങ്ങളുടെ അളവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അതിനോടൊപ്പം അവശേഷിക്കുന്ന ഭക്ഷണം പായ്ക്ക് ചെയ്തു പോകുന്നതിനുള്ള ബോക്സുകളും വാഗ്ദാനം ചെയ്യണം.