paris-sg

ലിസ്ബൺ : ആവേശവും അത്ഭുതവും ഒരുപോലെ വാരിവിതറിയ മത്സരത്തിനൊടുവിലെ ഇരട്ടഗോളുകളുടെ അകമ്പടിയോടെ വിസ്മയം വിതറി ഫ്രഞ്ച് ക്ളബ് പാരീസ് സെന്റ്ജെർമ്മെയ്ൻ കാൽനൂറ്റാണ്ടിന് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ സെമി ഫൈനലിലെത്തി. കഴിഞ്ഞ രാത്രി ലിസ്ബണിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ ക്ളബ് അറ്റലാന്റയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പാരീസ് അത്ഭുതകരമായി കീഴടക്കിയത്.

26-ാം മിനിട്ടിൽ പസാലിച്ച് നേടിയ ഗോളിന് 90-ാം മിനിട്ടുവരെ മുന്നിട്ടുനിന്നത് അറ്റലാന്റയാണ്. എന്നാൽ ഇൻജുറി ടൈമിലെ 149 സെക്കൻഡുകൾക്കിടയിൽ രണ്ട് ഗോളുകൾ മിന്നൽപ്പിണരുപോലെ സ്വന്തം വലയിൽ പതിച്ചപ്പോൾ വിജയമുറപ്പിച്ചിരുന്ന അറ്റലാന്റ താരങ്ങൾ അമ്പരന്നുപോയി. നെയ്മറുടെ പാസിൽ നിന്ന് മാർഖിഞ്ഞ്യോസാണ് സമനില ഗോൾ നേടിയത്. തൊട്ടുപിന്നാലെ കൈലിയൻ എംബാപ്പയുെടെ പാസിൽ നിന്ന് ചൗപ്പോ മോട്ടിംഗ് വിജയഗോളും നേടി.

മത്സരത്തിന്റെ തുടക്കം മുതൽ പാരീസിനായിരുന്നു നിയന്ത്രണം. നെയ്മറിനെ മുന്നിൽ നിറുത്തി നിരവധി ശ്രമങ്ങളാണ് അവർ നടത്തിയത്. എന്നാൽ ഒരു തവണ പോലും ലക്ഷ്യത്തിലേക്ക് പന്തുപായിക്കാൻ നെയ്മർക്ക് കഴിഞ്ഞില്ല. അറ്റലാന്റ താരങ്ങളുടെ കടുത്ത ഫൗളിനേയും നെയ്മർക്ക് നേരിടേണ്ടി വന്നു. 26-ാം മിനിട്ടിൽ പസാലിച്ച് ഗോളടിച്ചത് പി.എസ്.ജിക്ക് കനത്ത ആഘാതമായി. തൊട്ടുപിന്നാലെ നെയ്മർ നിരവധി ഡിഫൻഡർമാരെ വെട്ടിച്ചുകയറി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി.

വിലക്ക് മൂലം ഏൻജൽ ഡി മരിയ കളിക്കാതിരുന്നതിന്റെ കുറവ് പി.എസ്.ജി ശരിക്കറിഞ്ഞ മത്സരത്തിൽ ഗോൾ തിരിച്ചടിക്കാൻ കഴിയാതെവന്നതോടെ 61-ാം മിനിട്ടിൽ പാബ്ളോ സരാബിയയെ പിൻവലിച്ച് പാരീസ് കിലിയാൻ എംബാപ്പെയെ കളിക്കാനിറക്കി.എന്നിട്ടും തിരിച്ചടിക്കാൻ ഇൻജുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു.

ആന്റി ഗോൾ ക്ളൈമാക്സ്

0-1

26-ാം മിനിട്ട്

പസാലിച്ച്

ശ്രമിച്ചാൽ ഗോളടിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും കൂടുതൽ നല്ല പൊസിഷനിലുണ്ടായിരുന്ന പസാലിച്ചിന് പന്ത് മറിച്ചുനൽകിയ സപാറ്റയാണ് ‌ഈ ഗോളിന്റെ ശിൽപ്പി.

1-1

90+1

മാർഖീഞ്ഞോസ്

ഇൻജുറി ടൈമിലേക്ക് കടന്നപ്പോൾ നെയ്മർ ബോക്സിന് വെളിയിൽ നിന്ന് കൃത്യമായി ഫീഡ് ചെയ്ത പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു മാർഖീഞ്ഞോ.

2-1

90+3

ചൗപ്പോ മോട്ടിംഗ്

നെയ്മറും എംബാപ്പെയും ചേർന്നാണ് ഇൗ ഗോളിന് വഴിയൊരുക്കിയത്. നെയ്മറിൽ നിന്ന് കിട്ടിയ പന്ത് എംബാപ്പെ സമ്മർദ്ദത്തിന് അടിപ്പെടാതെ ചൗപ്പോയിലേക്ക് എത്തിക്കുകയായിരുന്നു. അറ്റലാന്റയുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് ചൗപ്പോയുടെ തകർപ്പൻ ഫിനിഷിംഗ്.

1995

ലാണ് ഇതിന് മുമ്പ് പാരീസ് എസ്.ജി ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയത്.

3

ഈ സീസണിൽ ഇതിനകം മൂന്ന് കിരീടങ്ങൾ (ഫ്രഞ്ച് ലിഷ വൺ, ഫ്രഞ്ച് കപ്പ്,ഫ്രഞ്ച് ലീഗ് കപ്പ്) പാരീസ് എസ് ജി നേടിക്കഴിഞ്ഞു.

27

ഫൗളുകളാണ് അറ്റലാന്റ മത്സരത്തിൽ ഉടനീളം നടത്തിയത്. ഇതൊരു ചാമ്പ്യൻസ് ലീഗ് റെക്കാഡാണ്. ഏറ്റവും കൂടുതൽ ഫൗളിന് ഇരയായത് നെയ്മറും.