കറാച്ചി: പാകിസ്ഥാനിലെ ക്വേഡയിൽ ബരോറി റോഡിലുള്ള കടയ്ക്കു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഏഴുവയസുകാരൻ കൊല്ലപ്പെട്ടു. ഏഴോളം പേർക്ക് പരിക്കേറ്റു. പാക് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഫ്ളാഗുകളും ബാഡ്ജുകളും വിൽപ്പന നടത്തുന്ന കടയ്ക്കു നേരെയാണ് അജ്ഞാതനായ ഒരാൾ ഗ്രനേഡ് എറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റവരിൽ കടയുടമയുമുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏഴു വയസുകാരനെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് ഉടൻ തന്നെ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ അതിർത്തിയായ ചമനിൽ ബോംബ് സ്ഫോടനത്തിൽ പത്തു വയസുകാരൻ ഉൾപ്പെടെ അഞ്ചു പേർ മരിച്ച സംഭവം നടന്ന് മൂന്നു ദിവസം പിന്നിടും മുൻപാണ് വീണ്ടുമൊരു സ്ഫോടനം കൂടി നടന്നിരിക്കുന്നത്. അതേദിവസം തന്നെ ചമലിന് സമീപത്തെ പെട്രോൾ പമ്പിലും സ്ഫോടനമുണ്ടായെങ്കിലും എട്ടു പേർക്ക് പരിക്കല്ലാതെ ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.