ലിസ്ബൺ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് സ്പാനിഷ് ക്ളബ് ബാഴ്സലോണയും ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും ഏറ്റുമുട്ടുന്നു. കളി ക്വാർട്ടറാണെങ്കിലും ഫൈനലിന്റെ പ്രതീതിയാണ്.കാരണം ഏറ്റുമുട്ടുന്നത് യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ. മുൻ ചാമ്പ്യന്മാർ. ഇരു ടീമിലും മികച്ച കളിക്കാർ. ഇവരിൽ ആരെങ്കിലും തന്നെ കിരീടം നേടുമെന്നുതന്നെ ആരാധകരും കരുതുന്നു. പക്ഷേ ക്വാർട്ടർ കഴിയുമ്പോൾ ഒരു കൂട്ടർ പുറത്തുപോയേ മതിയാകൂ. അത് ആരാകും എന്ന കാര്യത്തിലാണ് ആരാധകരുടെ ആശങ്ക.
ഇക്കുറി ജർമ്മൻ ലീഗും ജർമ്മൻ കപ്പുമൊക്കെ നേടി മിന്നുന്ന ഫോമിലാണ് ബയേൺ മ്യൂണിക്ക്. ലോക്ക്ഡൗണിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന മത്സരങ്ങളിൽ തുടർവിജയങ്ങളുടെ അകമ്പടിയോടെയാണ് ബയേൺ ബുണ്ടസ് ലിഗ നേടിയത്. അതിന് ശേഷം ചാമ്പ്യൻസ് ലീഗിനെത്തി രണ്ടാം പാദ പ്രീക്വാർട്ടറിൽ ചെൽസിയെ 4-1ന് കീഴടക്കിയിരുന്നു. ആദ്യ പാദത്തിൽ 3-0ത്തിന്റെ വിജയം നേടിയിരുന്ന ബയേൺ 7-1 എന്ന മാർജിനിലാണ് ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നത്.
ലോക്ക്ഡൗണിന് മുമ്പ് സ്പാനിഷ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്തായിരുന്ന ബാഴ്സലോണ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം നടത്തിയ മോശം പ്രകടനത്തോടെ കിരീടം കൈവിട്ടിരുന്നു. ഇതിന്റെ നിരാശയിലായിരുന്ന മെസിക്കും കൂട്ടർക്കും ഉൗർജം പകർന്നത് ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീക്വാർട്ടറിൽ നാപ്പോളിക്കെതിരെ നേടിയ വിജയമാണ്. ഒന്നിനെതിരെ മൂന്നുഗോളടിച്ച് ജയിച്ച ബാഴ്സലോണ 4-2 എന്ന മാർജിനിലാണ് അവസാന എട്ടിലേക്ക് ബർത്ത് നേടിയത്.
കുന്തമുനകൾ
ലയണൽ മെസി
ബാഴ്സലോണ
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലായ മെസിയെ മുന്നിൽ നിറുത്തിയാണ് ബാഴ്സ തന്ത്രങ്ങൾ മെനയുന്നത്. ഇൗ സീസണിൽ 30 ഗോളുകൾ മെസി ബാഴ്സയ്ക്ക് വേണ്ടി നേടിയിട്ടുണ്ട്. നാപ്പോളിക്കെതിരായ രണ്ടാം പാദ പ്രീക്വാർട്ടറിലും മെസി ഗോൾ നേടിയിരുന്നു. കോച്ച് ക്വിക്കെ സെറ്റിയാനുമായി മെസി അതൃപ്തിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
ബയേൺ മ്യൂണിക്ക്
റോബർട്ട് ലെവാൻഡോവ്സ്കി
ഈ സീസണിൽ മിന്നുന്ന ഫോമിലാണ് ഇൗ പോളിഷ് സ്ട്രൈക്കർ. ബയേണിനായി സീസണിലാകെ അടിച്ചുകൂട്ടിയത് 51 ഗോളുകൾ.34 എണ്ണം ജർമ്മൻ ബുണ്ടസ് ലിഗയിൽ . ചാമ്പ്യൻസ് ലീഗിൽ നിന്ന് മാത്രം 11 ഗോളുകൾ.ചെൽസിക്കെതിരായ രണ്ടാം പാദ പ്രീക്വാർട്ടറിൽ നേടിയത് രണ്ട് ഗോളുകൾ.ആദള പാദത്തിലും ഒരു ഗോൾ നേടിയിരുന്നു.
തുറുപ്പുചീട്ടുകൾ
ഉറുഗ്വേയൻ സ്ട്രൈക്കർ ലൂയിസ് സുവാരേസ്,ഫ്രഞ്ച് വിംഗർ അന്റോയിൻ ഗ്രീസ്മാൻ,സെർജി റോബർട്ടോ,റാക്കിറ്റിച്ച്,ജോർഡി ആൽബ,ജെറാഡ് പിക്വെ,ഗോൾ കീപ്പർ ടെർ സ്റ്റെഗൻ തുടങ്ങിയവരാണ് ബാഴ്സയുടെ പ്ളേയിംഗ് ഇലവനിൽ ഇടം നേടാൻ സാദ്ധ്യതയുള്ള മറ്റ് താരങ്ങൾ.
തോമസ് മുള്ളർ,സെർജി ഗ്‌നാബ്രി,പെരിസിച്ച്,തിയാഗോ അലക്കന്റാര,കിമ്മിഗ്, ബോട്ടംഗ്,അലാബ,ഗൊയേസ്ക തുടങ്ങിയ കരുത്തരാകും ബയേൺ നിരയിലുണ്ടാവുക. മാനുവൽ ന്യൂയറാകും വല കാക്കുക.
11
മത്സരങ്ങളിലാണ് ഇരു ക്ളബുകളും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്.
6
തവണ വിജയിച്ചത് ബയേൺ മ്യൂണിക്ക്
3
വിജയങ്ങൾ ബാഴ്സലോണയ്ക്ക്
2
കളികൾ സമനിലയിലായി.
2015
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന്ആദ്യപാദത്തിൽ ബാഴ്സ 3-0ത്തിന് ജയിച്ചു. രണ്ടാം പാദത്തിൽ ബയേൺ 3-2ജയിച്ചെങ്കിലും ഗോൾ മാർജിനിൽ ബാഴ്സ ഫൈനലിലെത്തി. കലാശക്കളിയിൽ യുവന്റസിനെ കീഴടക്കി ബാഴ്സ അക്കുറി ജേതാക്കളുമായി.