പനാജി: ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നവംബർ 20 മുതൽ 28 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മേള മാറ്റിവയ്ക്കുമെന്ന അഭ്യൂഹങ്ങൾ വന്നതിനു പിന്നാലെയാണ് മാറ്റമില്ലെന്ന അറിയിപ്പുമായി മുഖ്യമന്ത്രി എത്തിയത്. എതിർ കക്ഷികൾ മുഖ്യമന്ത്രിയുടെ തീരുമാനം നിലവിലെ സാഹചര്യത്തിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ ഒരാഴ്ച മേളയ്ക്കായി പണം മുടക്കുന്നത് ശരിയല്ലെന്നും അവർ അഭിപ്രായപ്പെടുന്നു. വർഷം തോറും മേളയ്ക്ക് മാത്രമായി 20- 25 കോടി രൂപയാണ് ഗോവൻ സർക്കാർ ചെലവഴിക്കുന്നത്. ഡയറക്ടറേറ്റ് ഒഫ് ഫിലിം ഫെസ്റ്റിവൽസും സംസ്ഥാന സർക്കാരിന്റെ എന്റർടെയ്ൻമെന്റ് സൊസൈറ്റി ഒഫ് ഗോവയും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.