rental-goods

തിരുവനന്തപുരം: കൊവിഡ് രോഗബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ആറ് മാസമായി ദുരിതത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ ഹയര്‍ സര്‍വീസ് മേഖല. വാടക സാധന വിതരണ മേഖല എന്നു പറഞ്ഞാല്‍ ഒരുപക്ഷേ കൂടുതല്‍ മനസിലാകും. കാരണം ജനങ്ങളുമായി അത്രയ്ക്ക് അടുത്തു നിന്നിരുന്നവരാണ് ഇവര്‍. വിവാഹം മുതല്‍ സ്റ്റേജ് പരിപാടികള്‍വരെ ഇവരില്ലാതെ നടക്കില്ല. ലോക്ക് ഡൗണില്‍ ഇളവ് അനുവദിച്ചെങ്കിലും സ്റ്റേജ് പരിപാടികള്‍, പൊതു സമ്മേളനങ്ങള്‍ തുടങ്ങിയവയൊന്നും കാര്യമായി നടക്കാത്തതും വിവാഹം പോലുള്ള ചടങ്ങുകള്‍ വീടുകളില്‍ ഒതുങ്ങിയതും ഹയര്‍ സര്‍വീസ് മേഖലയെ കാര്യമായി തന്നെ ബാധിച്ചു. ഇതിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ലക്ഷങ്ങള്‍ ജോലിയില്ലാതെ പട്ടിണിയിലാണ്. സര്‍ക്കാരിന്റെ കൈത്താങ്ങില്ലാതെ ഇവര്‍ക്ക് ഇനി ഉയരാനാവില്ല.

50 കോടിയുടെ നഷ്ടം
പന്തല്‍, ഡെക്കറേഷന്‍, ലൈറ്റ് ആന്റ് സൗണ്ട്, മറ്റു വാടക സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയടക്കം ചെറുതും വലുതുമായി 16,?500 രജിസ്റ്റേര്‍ഡ് ഹയര്‍ സര്‍വീസ് സ്ഥാപനങ്ങളാണ് കേരളത്തിലാകെ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആറുമാസം കൊണ്ട് ഈ മേഖലയില്‍ മാത്രം 50 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് അസോസിയേഷന്‍ പറയുന്നു. ഇത്രയും സ്ഥാപനങ്ങളിലായി രണ്ടു ലക്ഷത്തിലേറെ തൊഴിലാളികളും ജോലി ചെയ്യുന്നു. ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികളാണ് ഓരോ സ്ഥാപനങ്ങളുടെയും ഗോഡൗണുകളില്‍ മാസങ്ങളായി കെട്ടികിടക്കുന്നത്. പലതും ഉപയോഗ ശൂന്യമായ നിലയിലാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ പട്ടിണിയിലാണ് ജീവിതം തള്ളി നീക്കുന്നത്. ഇളവുകള്‍ അനുവദിച്ചെങ്കിലും പൊതുപരിപാടികള്‍ക്ക് വിലക്കുള്ളതിനാല്‍ ഇവരുടെ ജീവിതം പൂര്‍വസ്ഥിതിയിലാകണമെങ്കില്‍ ഇനിയും സമയമേറെയെടുക്കും.

വായ്പ അനുവദിക്കണം
ഈ പ്രതിസന്ധിയില്‍ നിന്ന് കര കയറണമെങ്കില്‍ കേരള ബാങ്ക്, മറ്റു സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വഴി 4 ശതമാനം പലിശയ്ക്ക് അഞ്ച് ലക്ഷം രൂപാ വരെ വായ്പ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. 2021ല്‍ തിരിച്ചടവ് തുടങ്ങുന്ന തരത്തിലാകണം ഇത്. ആഡിറ്റോറിയം, താല്‍ക്കാലിക പന്തലുകള്‍ എന്നിവയില്‍ മൊത്തം ശേഷിയുടെ അഞ്ചിലൊന്ന് എന്ന അനുപാതത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരിപാടികള്‍ നടത്താന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വാടക സാധന വിതരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ റോഡില്‍ ഇറക്കാതെ ഇട്ടിരിക്കുകയാണ്. ഇവയ്ക്ക് ഒരു വര്‍ഷത്തെ റോഡ് ടാക്‌സില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യമുണ്ട്. ലോണുകള്‍ക്ക് പലിശ രഹിത മോറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 15ന് സംസ്ഥാനത്തെ മുഴുവന്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണെന്ന് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കമലാലയം സുകു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. വി. ജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബി. എസ്. ഉണ്ണികൃഷ്ണന്‍, ജില്ലാട്രഷറര്‍ എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ അറിയിച്ചു.