malabar-group

കോഴിക്കോട്: ആദായ നികുതി പിരിവ് സുതാര്യവും കാര്യക്ഷമവുമാക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന 'സുതാര്യ നികുതി പിരിവ് : സത്യസന്ധരെ ആദരിക്കൽ" പദ്ധതി പൂർണമായും സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കൃത്യമായി നികുതി നൽകുന്നവരെ സഹായിക്കാനും നടപടിക്രമങ്ങൾ ലളിതമാക്കി നികുതി പിരിവ് ഊർജിതമാക്കാനുമായി കൊണ്ടുവന്ന ഈ സംവിധാനം രാജ്യപുരോഗതിക്ക് ആക്കംകൂട്ടും.

നികുതിവെട്ടിപ്പിനും കള്ളക്കടത്തിനും എതിരായി ശക്തമായ നടപടികൾ അത്യാവശ്യമാണ്. അതിലേക്കുള്ള ആദ്യപടിയായി സർക്കാരിന്റെ ഈ നടപടിയെ കാണാം. സർക്കാരിന്റെ നികുതി വരുമാനം വർദ്ധിക്കാനും ഇതുപകരിക്കും. നികുതിവെട്ടിപ്പിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണം വേണം. നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളെ പഠിപ്പിക്കണം. കൃത്യമായി നികുതി അടയ്ക്കുന്നതിലൂടെ ഒരാൾ രാജ്യപുരോഗതിയുടെ ഭാഗമാകുകയാണ്.

ഇതിനു വലിയ പ്രചാരണം ലഭിക്കേണ്ടതും അനിവാര്യമാണ്. ഇ-ഗവേണൻസിലൂടെയും ഫേസ്‌ലെസ് ഇ-അസസ്‌മെന്റിലൂടെയും ഉദ്യോഗസ്ഥരെ നേരിട്ട് ഇടപെടുത്താതെ നികുതി പിരിക്കാനായി ഇപ്പോൾ കൊണ്ടുവന്ന സംവിധാനം നികുതി പിരിവിലെ അഴിമതിയെ വലിയൊരു അളവുവരെ തടയാൻ സഹായിക്കും. നികുതിവെട്ടിപ്പിനെതിരെ കൂടുതൽ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.