സിനിമയിൽ നടീനടന്മാർ പ്രണയരംഗങ്ങളിലും മറ്റും പലപ്പോഴും ഇഴുകിച്ചേർന്നു അഭിനയിക്കേണ്ടതായി വരാറുണ്ട്. സിനിമയുടെ കഥയും കഥാസാഹചര്യവും അനുസരിച്ച് അർപ്പണബോധത്തോടെ അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവർ ബാദ്ധ്യസ്ഥരുമാണ്. എന്നാൽ ചിലപ്പോഴെങ്കിലും ഇഴുകി ചേർന്ന് അഭിനയിക്കേണ്ടതായി വരുമ്പോൾ അഭിനേതാക്കൾക്ക് അൽപ്പം സങ്കോചവും ടെൻഷനും നേരിടേണ്ടി വരികയും ചെയ്യാറുണ്ട്. നടീനടന്മാർ തമ്മിൽ നല്ല സുഹൃത് ബന്ധം നിലനിൽക്കുന്നുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.
പരിഭ്രമമവും പിരിമുറുക്കവുമായി റീടേക്കുകളുടെ ബഹളമായിരിക്കും പിന്നീട്. അത്തരത്തിലൊരു സന്ദർഭമാണ് ബോളിവുഡ് താരസുന്ദരിയായ ബിപാഷ ബസു ഓർത്തെടുക്കുന്നത്. തന്റെ സുഹൃത്തും നടനുമായ ആർ. മാധവനൊപ്പം 'ജോഡി ബ്രേക്കേഴ്സ്' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ബിപാഷയ്ക്ക് ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടതായി വന്നത്. ചിത്രീകരണസമയത്ത് മാധവനെ ചുംബിക്കേണ്ടതായുള്ള രംഗത്തിന് മുൻപ് തനിക്ക് ഹൃദയസ്തംഭനം വരുമെന്ന് തോന്നിയെന്നും അത്തരം രംഗങ്ങൾ വരുമ്പോൾ താൻ വല്ലാതെ ഭയപ്പെടാറുണ്ടെന്നുമാണ് ബിപാഷ തുറന്ന് പറഞ്ഞത്.
'എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. അന്ന് എന്റെ സുഹൃത്തുക്കളായ റോക്കിക്കും ദിവ്യക്കുമൊപ്പം യാത്രചെയ്യുകയായിരുന്നു ഞാന്‍. മാധവനെ നിനക്ക് അറിയാമല്ലോ, നിന്റെ സുഹൃത്തല്ലേ, ഇത്ര വലിയ പ്രശ്‌നം എന്താണ് എന്നായിരുന്നു അവരുടെ ചോദ്യം. അപ്പോള്‍ ഞാന്‍ പറഞ്ഞത് മാഡിയാണ് കൂടെ, അതാണ് പ്രശ്‌നം എന്നായിരുന്നു. ആ രംഗം ഷൂട്ട് ചെയ്തതിന് ശേഷം മാഡി ഉള്‍പ്പടെ എല്ലാവരും എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു. ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഭയങ്കര ബഹളമായിരിക്കും സെറ്റിലെ എല്ലാവര്‍ക്കും അത് രസമുള്ള കാഴ്ചയാണ്.'-ബിപാഷ പറയുന്നു.
മുൻപും, ഇഴുകിച്ചേർന്ന് അഭിനയിക്കേണ്ട രംഗങ്ങൾ വരുമ്പോൾ താൻ വല്ലാതെ ടെൻഷൻ അനുഭവിച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തുന്നു. എന്നാൽ തന്റെ ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറിനൊപ്പം ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തനിക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകാറില്ലെന്ന് കൂടി താരം കൂട്ടിച്ചേർത്തു. ആ സമയത്ത് 'ഹൃദയസ്തംഭനമോ' പനിയോ അങ്ങനെയുള്ള പ്രശ്നങ്ങളോ തനിക്ക് വരാറില്ലെന്നും താരം വ്യക്തമാക്കുന്നു. ഭർത്താവ് കരണ്‍ സിംഗ് ഗ്രോവറിനൊപ്പം പുതിയ ടി.വി സീരീസിൽ അഭിനയിക്കുകയാണ് ഇപ്പോള്‍ ബിപാഷ ബസു.