sarathy

കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിന്‍ കൊലക്കേസ് സമയബന്ധിതമായി അന്വേഷിച്ച് മുഴുവന്‍ പ്രതികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും ശിക്ഷ വാങ്ങി നല്കുകയും ചെയ്ത ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം. രാജ്യത്തെ 126 ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ് പിയായ ഗിരീഷ് പി സാരഥിക്ക് ബഹുമതി ലഭിച്ചത്. കേസ് അന്വേഷണ മികവിനാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ആദരവ്.

നട്ടാശേരി പിലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ ഭാര്യാവീട്ടുകാര്‍ ക്വട്ടേഷന്‍ നല്കി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. 2018 മെയ് 24നാണ് തട്ടിക്കൊണ്ടു പോയി പുനലൂര്‍ ചാലിയേക്കര തോട്ടില്‍ മുക്കി കൊന്നത്. ഗാന്ധിനഗര്‍ പൊലീസ് അന്വേഷിച്ചെങ്കിലും പല പിഴവും സംഭവിച്ചിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയിലെത്തിയത്. തുടര്‍ന്നാണ് കെവിന്റെ ഭാര്യ നീതുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ അടക്കമുള്ളവര്‍ പിടിയിലായതും മൂന്നു മാസം തികയും മുമ്പേ കേസ് കോടതിയില്‍ എത്തിച്ചതും.

ദുരഭിമാന കൊലപാതകമായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണ കോടതി കേസിലെ മുഴുവന്‍ പ്രതികളെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പത്തനംതിട്ട വെണ്ണിക്കുളം കരിപ്പൂര്‍ വീട്ടില്‍ പരേതനായ സൈനിക ഉദ്യോഗസ്ഥന്‍ പാര്‍ത്ഥസാരഥിയുടെയും തങ്കമ്മയുടെയും പുത്രനാണ് ഗിരീഷ് പി.സാരഥി. ശ്രീലക്ഷ്മിയാണ് ഭാര്യ. മക്കള്‍ : ഗൗരിനാഥ്, ശ്രേയാ ലക്ഷ്മി.

വിവിധ ജില്ലകളില്‍ എസ്.ഐ യായും സി.ഐ യായും സേവനമനുഷ്ഠിച്ചിട്ടുള്ള ഗിരീഷ് ചങ്ങനാശേരി ഡിവൈ.എസ്.പി യായും കോട്ടയം വിജിലന്‍സ് ഡിവൈ.എസ്.പി യായും പ്രവര്‍ത്തിച്ചിട്ടുണ്ട്. താഴത്തങ്ങാടിയില്‍ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി നിയമത്തിനു മുമ്പില്‍ എത്തിച്ച ഗിരീഷ് പി.സാരഥിക്ക് കഴിഞ്ഞദിവസമാണ് ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചത്.