
ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണ രേഖയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതിർത്തിയിലെ നില സങ്കീർണമാക്കുന്ന ഏതൊരു നടപടിയിൽ നിന്നും ഇന്ത്യ വിട്ടുനിൽക്കുമെന്ന് കരുതുന്നു. ഒപ്പം അതിർത്തിയിൽ സമാധാനം നിലനിറുത്തുന്നതിനും ആരോഗ്യപരമായ നയതന്ത്ര ബന്ധത്തിന് അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ചൈന പ്രതീക്ഷിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു. തുടർച്ചയായ ചർച്ചകൾ നടന്നിട്ടും പാംഗോംഗ് തടാകം, ഡെസ്പാംഗ് ഏരിയ എന്നിവിടങ്ങളിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറാൻ കൂട്ടാക്കാത്തതിനാൽ കൂടുതൽ കാലം സംഘർഷം നീണ്ടു നിന്നേക്കാമെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിലപാട്. സൈനിക സന്നാഹം തുടരേണ്ടി വരുമെന്ന കണക്കുകൂട്ടലിൽ അതിനുള്ള തയ്യാറെടുപ്പിലാണ് സൈന്യം.