mulakkal

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ആയിരം പേജുള്ള കുറ്റപത്രത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് കേൾപ്പിച്ചത്. കുറ്റം നിഷേധിക്കുന്നുവെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ പറഞ്ഞു. വാദിയായ കന്യാസ്ത്രീയെ വിസ്തരിക്കുന്നതിനു വേണ്ടി കേസ് സെപ്തംബർ 16ലേക്ക് മാറ്റി.

അന്യായമായി തടഞ്ഞുവയ്ക്കൽ (342), അധികാര ദുർവിനിയോഗം വഴിയുള്ള ലൈംഗിക ദുരുപയോഗം (376(സി, എ), പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം (377), ഭീഷണിപ്പെടുത്തൽ (506(1)), മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, (376(2) (കെ), ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടർച്ചയായി ബലാത്സംഗം ചെയ്യൽ (376(2)(എൻ), സ്ത്രീത്വത്തെ അപമാനിക്കൽ (354) എന്നീ വകുപ്പുകൾ പ്രകാരം ഫ്രാങ്കോ വിചാരണ നേരിടണം.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ.ബാബുവും ഫ്രാങ്കോയ്ക്ക് വേണ്ടി അഡ്വ.സി.എസ് അജയനും ഹാജരായി. ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി ഫ്രാങ്കോ കോടതി നടപടികൾക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.