tax

കൊച്ചി: 'സുതാര്യ നികുതി പിരിവ് - സത്യസന്ധരെ ആദരിക്കൽ" എന്ന പുതിയ നികുതി പരിഷ്‌കാരത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് സത്യസന്ധരായ നികുതിദായകരെ ആദരിക്കുന്നതിന് പുറമേ, നികുതിവ്യവസ്ഥയിലേക്ക് കൂടുതൽ പേരെ ആകർഷിക്കൽ കൂടിയാണ്. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ആദായനികുതി അടയ്ക്കുന്നത് വെറും 1.5 കോടിപ്പേരാണെന്നും ഇത് വളരെ കുറവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് ഇപ്പോഴും 10 കോടിയിൽ താഴെയാളുകളാണ്. ഇവരിൽ 1.5 കോടിപ്പേരാണ് നികുതി അടയ്ക്കുന്നത്. ബാക്കിയുള്ളവർ ആദായനികുതി ഇളവിന് അർഹത നേടിയവരാണ്. കൂടുതൽ പേരെക്കൊണ്ട് റിട്ടേൺ സമർപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. അതു സാദ്ധ്യമായാൽ തന്നെ, നികുതിദായകരുടെ എണ്ണവും നികുതി വരുമാനവും വർദ്ധിക്കും. റിട്ടേണുകൾ സൂക്ഷ്‌മമായി പരിശോധിക്കുന്നതും തുടർനടപടികൾ എടുക്കുന്നതും സർക്കാർ 0.26 ശതമാനത്തിലേക്ക് ചുരുക്കിയത്, നികുതിദായകരെ വിശ്വാസത്തിലെടുത്താണെന്നും ഇത് കൂടുതൽ പേരെ ഈ സംവിധാനത്തിലേക്ക് ആകർഷിക്കാനാണെന്നും മോദി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്കെതിരെ നിലവിലെ 'സമ്പദ്ഞെരുക്ക" സാഹചര്യത്തിൽ സർക്കാർ നടപടിയെടുക്കില്ല. എന്നാൽ, പിന്നീട് കടുത്ത നടപടികൾ ഉണ്ടായേക്കാം.

ഫേസ്‌ലെസ് അസസ്‌മെന്റ്

 ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഇടപെടൽ ഇല്ല

 നിയന്ത്രണം ഡൽഹിയിലെ ആസ്ഥാനത്തും എട്ട് റീജിയണൽ കേന്ദ്രങ്ങളിലും

 ഡാറ്റാ അനലിറ്റിക്‌, കൃത്രിമ ബുദ്ധി മാർഗങ്ങളിലൂടെ അസസ്‌മെന്റ്

 നികുതി ദായകർ നികുതി ഓഫീസിൽ പോകണ്ട, നേരിട്ട് രേഖകൾ കാണിക്കണ്ട. ഉദ്യോഗസ്ഥക്ക് മുന്നിൽ ഹാജരാകണ്ട.

 അസസ്‌മെന്റ് ഒരു നഗരത്തിൽ, അവലോകനം മറ്റൊരു നഗരത്തിൽ, അവസാന ജോലികൾ മൂന്നാമത്തെ നഗരത്തിൽ

ഫേസ്‌ലെസ് അപ്പീൽ

നികുതിദായകരുടെ അപ്പീലുകൾ ആളെ തിരിച്ചറിയാത്ത വിധം മറ്റൊരിടത്ത് പരിശോധിക്കും

 പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരം രഹസ്യമായിരിക്കും

 അപ്പീലിൽ തീരുമാനം ഉദ്യോഗസ്ഥർ സംഘമായി

ഫേസ്‌ലെസിൽ ഉൾപ്പെടാത്തത്:

 നികുതി വെട്ടിപ്പ്, ഗുരുതരമായ കേസുകൾ, റെയ്ഡ്

 അന്താരാഷ്‌ട്ര നികുതി കേസുകൾ

 കള്ളപ്പണം, ബിനാമി സ്വത്ത്

 ഇന്ത്യയിലെ മൊത്തം ജനസംഖ്യ 130 കോടി

 നികുതി ദായകർ 1.5 കോടി (വെറും 1.15 %)​

നികുതിദായകരുടെ വാർഷിക വരുമാനം

 2.5ലക്ഷം വരെ 57%

 2.5 - 5 ലക്ഷം 18%

 5-10 ലക്ഷം 17%

 10 - 50 ലക്ഷം 7%

 50ലക്ഷം രൂപയിൽ കൂടുതൽ 1%

പാൻ കാർഡുകൾ വർദ്ധിച്ചു

 2016 -17 29.44 കോടി

 2017 -18 37.90 കോടി

 2018-19 44.57 കോടി

 2020 ജൂൺ വരെ 50.95 കോടി

പാൻ - ആധാർ ലിങ്കിംഗ്

 ആധാറുമായി ബന്ധിപ്പിച്ചത് 32.71 കോടി

 ബന്ധിപ്പിക്കാത്തത് 17.1 കോടി