ബംഗളൂരു : കർണാടക കോൺഗസ് എം. എൽ.എയുടെ ബന്ധു ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടതിനെ തുടർന്ന് ബംഗളൂരുവിൽ നടന്ന സംഘർഷത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് പൊലീസ് എഫ്.ഐ.ആർ. എസ്.ഡി.പി.ഐ നേതാവ് മുസാമിൽ പാഷ ഉൾപ്പെടെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 300 ഓളം പേർ അടങ്ങുന്ന സംഘത്തിന് നേതൃത്വം നൽകിയത് അഞ്ചുപേരാണ്. ഡി.ജെ ഹള്ളി, കെ.ജി ഹളളി പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കാൻ ലക്ഷ്യമിട്ട് നീങ്ങിയ സംഘം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെയ്പിൽ മൂന്ന് പേർ മരിച്ചിരുന്നു. സംഘർഷത്തിൽ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങൾക്ക് കാരണമായ ഫെയ്സ്ബുക്ക് പോസ്റ്റ് താനിട്ടതല്ലെന്നും തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നുമാണ് എം.എൽ.എയുടെ ബന്ധു പറയുന്നത്. എന്നാൽ, സംഭവത്തിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവാദമുണ്ടായതിനു പിന്നാലെ ഇയാൾ പോസ്റ്റ് നീക്കം ചെയ്തിരുന്നു. നീക്കം ചെയ്ത പോസ്റ്റ് പൊലീസ് തിരിച്ചെടുത്തു.