pic

കാസര്‍കോട്: കാസർകോട് ബളാലിൽ പതിനാറുകാരിയെ ഐസ്ക്രീം നൽകി കൊലപ്പെടുത്തിയ സഹോദരൻ ആൽബിൻ നേരത്തെയും കൊലപാതകശ്രമം നടത്തിയിരുന്നതായി പൊലീസ്. കോഴിക്കറിയിൽ വിഷം കലർത്തിയായിരുന്നു നേരത്തെ കൊലപാതകശ്രമം. എന്നാൽ വിഷത്തിന്‍റെ അളവ് കുറവായതിനാൽ ശ്രമം പരാജയപ്പെട്ടു. പിന്നീട് ഇന്റെർനെറ്റിലൂടെ വിഷങ്ങളെക്കുറിച്ച് വിവരങ്ങൾ തിരഞ്ഞ് പഠിച്ചതിന് ശേഷമാണ് എലിവിഷമുപയോഗിച്ച് കൊലപാതകം നടത്തിയത്. ജോലിക്ക് പോകാതെ വീട്ടിലിരുന്നു മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് മാതാപിതാക്കൾ ആൽബിനെ വഴക്ക് പറഞ്ഞിരുന്നു. ഇതാണ് 22-കാരനായ യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

വിഷം ചേർത്ത ഐസ്ക്രീം കഴിച്ച് മരിച്ച അനിയത്തിയുടെ മരണാനന്തര ചടങ്ങിലും ആൽബിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛനെ ആശുപത്രിയിൽ എത്തി കാണുകയും ചെയ്തു. പൊലീസിനെ തന്നിൽ നിന്നും വഴി തിരിച്ചു വിടാനുളള എല്ലാ ശ്രമവും ആൽബിൻ നടത്തിയിരുന്നു. രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുടുബത്തെ മുഴുവൻ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാനായിരുന്നു ആൽബിൻ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു. കുടുംബത്തിലെ മറ്റ് മൂന്നുപേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റെങ്കിലും ആൽബിനുമാത്രം പ്രശ്നങ്ങളൊന്നുമില്ലാതിരുന്നത് പൊലീസിനും ഡോക്ടര്‍മാര്‍ക്കും നേരത്തെ സംശയമുളവാക്കിയിരുന്നു. സൈബർ സെല്ലിന്റെയും സൈബർ ഡോമിന്റെയും സഹായത്തോടെ ആൽബിന്റെ സർച്ച് ഹിസ്റ്ററി ഉൾപ്പെടെ കണ്ടെത്തിയത് പൊലീസിന് കേസിൽ കൂടുതൽ സഹായകരമായി.


കഴിഞ്ഞ 31-ാം തീയതിയാണ് ആൽബിൻ കുടുംബത്തിന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയത്. ഐ.ടി.ഐ. പഠനം കഴിഞ്ഞ് കോട്ടയത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു ആൽബിൻ. ലോക്ക്ഡൗണായതോടെ നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.