jose-k-mani-rahul

തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് രാഹുൽഗാന്ധി ജോസ്. കെ മാണിയുമായി ഫോണിൽ ആശയവിനിമയം നടത്തിയെന്ന് കേരളകോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മാണി സാറിന്റെ പാ‌ർട്ടിയ്‌ക്ക് എല്ലാവിധ മുൻഗണനയും സംരക്ഷണവും ഉണ്ടാകുമെന്നും ധൃതി പിടിച്ചൊരു തീരുമാനം എടുക്കരുതെന്നും രാഹുൽ ജോസ് കെ മാണിയോട് ആവശ്യപ്പെട്ടതായാണ് വിവരം. കേരള കോൺഗ്രസ് യു.പി.എയുടെ ഭാഗമാണ്. അത് അങ്ങനെതന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് ബുദ്ധിമുട്ടുണ്ട്. അതിനിടെ എതിർത്തൊരു തീരുമാനം എടുക്കരുതെന്നും രാഹുൽ ജോസ് കെ മാണിയോട് പറഞ്ഞു. ധൃതി പിടിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്നും യു.പി.എയുടെ ഭാഗമായി നിലനിൽക്കുമെന്നും ജോസ്.കെ മാണി മറുപടി നൽകിയതായാണ് സൂചന.

സമവായ ചർച്ചകൾക്ക് ലീഗ്

രാജ്യസഭ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്റെ പക്കലുള്ള രണ്ട് വോട്ടുകൾ ഉറപ്പിക്കാൻ സമവായ ചർച്ചകൾ മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ തുടങ്ങിയെന്നും വിവരമുണ്ട്. മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് സ്വീകരിച്ച നിലപാട് ഇപ്പോഴും തുടരണമെന്നാണ് ലീഗ് അഭ്യർത്ഥിച്ചത്. രണ്ട് ഉപതിരഞ്ഞെടുപ്പുകളുടെ സമയത്തും കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് കേരള കോൺഗ്രസ് മുന്നണിയ്ക്ക് പുറത്തായിരുന്നു. എന്നാൽ, മലപ്പുറം ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കും നിയമസഭ തിരഞ്ഞെടുപ്പിൽ കെ.എൻ.എ ഖാദറിനും കേരള കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജോസ് വിഭാഗം നേതാക്കളുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംസാരിച്ചു. സ്വതന്ത്രമായി നിൽക്കുകയാണെങ്കിലും രാജ്യസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് അദ്ദേഹവും അഭ്യർത്ഥിച്ചതത്രേ.

തീരുമാനം ആഗസ്റ്റ് 23ന്

രാജ്യസഭ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് ആഗസ്റ്റ് 23ന് തീരുമാനമുണ്ടാകുമെന്നാണ് ജോസ് വിഭാഗം നേതാക്കൾ പറയുന്നത്. ആഗസ്റ്റ് 24നാണ് വോട്ടെടുപ്പ്. ജോസഫ് വിഭാഗം നൽകുന്ന വിപ്പ് സ്വീകരിക്കില്ല. വിപ്പ് നൽകേണ്ട അധികാരം റോഷി അഗസ്റ്റിനാണ്. ആർക്ക് വോട്ട് ചെയ്‌താലും അത് മുന്നണി പ്രവേശനമായി കണക്കുകൂട്ടാൻ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മാത്രമേ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നും നേതാക്കൾ പറയുന്നു.

ജോസ് വിഭാഗത്തിലെ നേതാക്കളിലും അണികളിലും ഭൂരിപക്ഷം പേർക്കും യു.ഡി.എഫിലേക്ക് തന്നെ പോകാനാണ് താത്പര്യമെന്ന് ചില നേതാക്കളെങ്കിലും പറയുന്നു. എന്നാൽ ആട്ടിയിറക്കിയ മുന്നണിയിലേക്ക് അങ്ങോട്ട് പോയി അവസരം ചോദിക്കേണ്ട, പകരം മുന്നണി നേതൃത്വം ഇങ്ങോട്ട് വരട്ടെയെന്നാണ് പാർട്ടിയിൽ പൊതുവെയുള്ള അഭിപ്രായം.

എന്നാൽ, പി.ജെ. ജോസഫ് ഉള്ള മുന്നണിയിലേക്ക് പോകില്ലെന്ന് ചില ജോസ് വിഭാഗം നേതാക്കൾ ആവർത്തിക്കുന്നു. അതേസമയം മദ്ധ്യകേരളത്തിലെ സി.പി.എം പ്രാദേശിക ഘടകങ്ങൾക്കും സംസ്ഥാന ഘടകത്തിനും ജോസ് വിഭാഗത്തെ കൂടെ കൂട്ടുന്നതിൽ താത്പര്യമാണ്. എന്നാൽ സി.പി.ഐ ഇടഞ്ഞുനിൽക്കുന്നതാണ് പ്രശ്നം.