തലയോലപ്പറമ്പ് : നീർപ്പാറ അസീസ് മൗണ്ടിൽ ഒഴിഞ്ഞ പാചക വാതക സിലിണ്ടറുമായി വന്ന ലോറിക്ക് തീപിടിച്ച സംഭവത്തിൽ വൻദുരന്തം ഒഴിവായത് നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം. ഡീസൽ ടാങ്കിലേക്കും സിലിണ്ടർ വച്ചിരിക്കുന്ന ഭാഗത്തേയ്ക്കും തീപടരാതിരിക്കാൻ ഫയർഫോഴ്സും പൊലീസും വരുന്നതിന് മുൻപെ സമീപത്തെ വർക്ക് ഷോപ്പിൽ നിന്നും അന്ധബധിര വിദ്യാലയത്തിൽ നിന്നും പൈപ്പുപയോഗിച്ച് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ വെള്ളം പമ്പ് ചെയ്ത് വാഹനത്തിന്റെ മുൻഭാഗത്ത് നിന്നുയരുന്ന തീ നിയന്ത്രിക്കുകയായിരുന്നു നാട്ടുകാർ.
വരിക്കാംകുന്നിനും അസീസ് മൗണ്ടിനും ഇടയിലുള്ള കയറ്റം കയറിവരുമ്പോൾ ലോറിയിൽ നിന്ന് പുകയുയരുന്നത് ഡ്രൈവർ രാഹുലിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇയാൾ റോഡിന് സമീപം ലോറി ഒതുക്കി നിറുത്തി ചാടിപ്പുറത്തിറങ്ങി. സമീപത്ത് ടയർ റിട്രേഡിംഗ് കട നടത്തുന്ന ടി.ജെ. മനോജ് ഉടൻ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയും സമീപത്തുള്ള സെന്റ് ലൂക്ക്സ് സി.എസ്.ഐ പള്ളിയിൽ നിന്ന് ഹോസ് എടുത്തുെകാണ്ട് വന്നു സാജു, ഷംസുദ്ദീൻ, ജിതിൻ രാജ്, വിനീത്, മഹേഷ്, സാംപ്രസാദ് എന്നിവരെകൂട്ടി ലോറിയിൽ തീ ഉയരുന്ന ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുകയായിരുന്നു. തിരക്കുള്ള റോഡായതിനാൽ ഇങ്ങോട്ടേക്ക് വരുന്ന വാഹനങ്ങളെ വരിക്കാംകുന്നിലും നീർപ്പാറ ജംഗ്ഷനിലും നാട്ടുകാർ തന്നെ ഇടപെട്ട് തടഞ്ഞ് വഴിതിരിച്ചു വിട്ടു. വാഹനത്തിൽ നിന്ന് തീ ഉയരുന്നതിന് മുകളിൽ വൈദ്യുതിലൈൻ ഉണ്ടായിരുന്നെങ്കിലും നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ച് ലൈൻ ഓഫ് ചെയ്യുകയായിരുന്നു.