pic

ന്യൂഡൽഹി: മാലദ്വീപ് തലസ്ഥാനമായ മാലിയുമായി അടുത്തു കിടക്കുന്ന മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 500 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് ഇന്ത്യ. ഈ പ്രദേശങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപുകൾ ചൈനയും അടുത്തിടെ ലക്ഷ്യമിട്ടിരുന്നു.

വിനോദ സഞ്ചാരികളുടെ ജനപ്രിയ ഇടമാണ് മാലദ്വീപുകൾ. ഇവിടങ്ങളിൽ വ്യാപാര ഗതാഗത ബന്ധങ്ങൾ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ചൈന നടപ്പാക്കുന്ന ബെൽറ്റ് റോഡ് പദ്ധതിയുടെ കേന്ദ്ര ബിന്ദുവായി മാലദ്വീപ് മാറിയിട്ടുണ്ട്. മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിനോട് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ സഹായപ്രഖ്യാപനം അറിയിക്കുകയായിരുന്നു.

മാലി കണക്ടിവിറ്റി പദ്ധതിയുടെ ഭാഗമായി 100 ദശലക്ഷം ഡോളർ ഗ്രാന്റായും 400 ദശലക്ഷം വായ്പയായുമാണ് നൽകുക. വില്ലിംഗിലി, ഗുൽഹിഫാഹു, തിലാഫുഷി എന്നീ ദ്വീപുകളെയാണ് മാലിയുമായി ബന്ധിപ്പിക്കുന്നത്. ഈ പദ്ധതി മാലദ്വീപിലെ ഏറ്റവും വലിയ സിവിലിയൻ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ചൈന അനുകൂലിയായ അബ്ദുല്ല യമീനെ പരാജയപ്പെടുത്തി 2018-ൽ ഇബ്രാഹിം സ്വാലിഹ് ഭരണ നേതൃത്വത്തിൽ എത്തിയ ശേഷം മാലദ്വീപുമായുളള നയതന്ത്രം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.