trump

ന്യൂയോർക്ക്: അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും യു.എ.ഇയും തമ്മിൽ ചരിത്രപ്രധാനമായ സമാധാന കരാറിലേർപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യു.എ.ഇയും അറിയിച്ചു. യുഎഇയും ഇസ്രായേലും പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്.

ഇരുരാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധം പുനഃസ്ഥാപിക്കാൻ ഈ കരാർ വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തൽ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അബു ദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണത്തിനൊടുവിലാണ് കരാർ നടപടികൾക്ക് അന്തിമരൂപമായത്. ട്രംപ് ആദ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിന്റെ നേതൃത്വത്തിൽ വൈറ്റ്ഹൗസിൽ വാർത്താ സമ്മേളനവും നടത്തി. സമാധാന കരാറിനായി തങ്ങൾ ഏറെ നാളായി പ്രവർത്തിക്കുന്നതായി ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നും ട്രംപ് പറഞ്ഞു. ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തന്നിൽ ഒരു റോഡ് മാപ്പ് തയാറാക്കാനും സമ്മതിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളുമായി സമാനമായ ചില കരാറുകൾ ഉടൻ പ്രതീക്ഷിക്കാമെന്നും ട്രംപ് പറഞ്ഞു.

കരാറിന്റെ ഭാഗമായ 49 വര്‍ഷത്തിനുശേഷം ഇസ്രയേലും യു.എ.ഇയും തങ്ങളുടെ നയതന്ത്ര ബന്ധം പൂര്‍ണ്ണമായും സാധാരണമാക്കും. അവര്‍ എംബസികളെയും അംബാസഡര്‍മാരെയും കൈമാറ്റം ചെയ്യുകയും അതിര്‍ത്തിയിലുടനീളം സഹകരണം ആരംഭിക്കുകയും ചെയ്യും. വരും ആഴ്ചകൾക്കുള്ളിൽ കരാർ വൈറ്റ്ഹൗസിൽ വച്ച് ഒപ്പിടുമെന്ന് ട്രംപ് അറിയിച്ചു. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യ അറബ് രാജ്യമാകാൻ ഒരുങ്ങുകയാണ് യു.എ.ഇ.