uae-

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിൽ യു.എ.ഇയും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തി. കരാർ പ്രകാരം കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിറുത്താൻ ഇസ്രായേൽ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യു.എ.ഇയും അറിയിച്ചു.ഇരുരാജ്യങ്ങളും പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്. ഇതോടെ ഇസ്രായേലുമായി നയതന്ത്രബന്ധത്തിനൊരുങ്ങുന്ന ആദ്യ അറബ് രാഷ്ട്രമാകും യു.എ.ഇ.

ഏറെ നാൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് കരാറിലേർപ്പെട്ടത്. ട്രപും അബുദാബി കിരീടവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലായിരുന്നു ഫോണിലൂടെ ചർച്ച. 'ഇന്ന് വലിയ മുന്നേറ്റം! ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിലേർപ്പെട്ടു' ട്രംപ് ട്വീറ്റ് ചെയ്തു. 'യു.എ.ഇയും ഇസ്രായേലും സഹകരണത്തിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കാനും സമ്മതിച്ചു' മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിലൂടെ അറിയിച്ചു. പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളുമായും അടുത്ത ആഴ്ച ഇത്തരത്തിൽ കരാറുണ്ടാകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇത് അസാദ്ധ്യമാണെന്ന് എല്ലാവരും പറഞ്ഞു, 49 വർഷത്തിനുശേഷം ഇസ്രയേലും യു.എ.ഇയും തങ്ങളുടെ നയതന്ത്ര ബന്ധം പൂർണമായും സാധാരണമാക്കും. ട്രംപ് കൂട്ടിച്ചേർത്തു.