ശരീരത്തിന്റെ സ്വാഭാവികമായ നിറത്തിന്റെ പേരിൽ വിവേചനവും പരിഹാസവും നേരിടേണ്ടി വരുന്നവരും അവരെ അപഹസിക്കുന്നവരും ഈ നൂറ്റാണ്ടിലുമുണ്ടെന്ന വസ്തുത അങ്ങേയറ്റം ദുഖകരമായ ഒന്നാണ്. സൂക്ഷമമായി പരിശോധിച്ചാൽ, കറുപ്പിനെ മോശമായി കാണുന്ന മനസ്ഥിതിക്ക് പിന്നിൽ നിരവധി കാരണങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് കാണാം.
നമ്മുടെ മുഖ്യധാരാ സിനിമ, സാഹിത്യം, എന്തിന്, സിനിമാ ഗാനങ്ങൾ പോലും കറുത്ത നിറത്തെ രണ്ടാം കിടയായി ചിത്രീകരിക്കുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്. ഇതിലൂടെ 'കറുപ്പെന്നാൽ മോശം' എന്ന ചിന്താഗതി നമ്മുടെ പൊതുബോധത്തിലേക്ക് നിരന്തരം കുത്തിവയ്ക്കപ്പെടുന്നു.
ഈ രീതിയിൽ കുട്ടിക്കാലം മുതൽ നിറത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടി വന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് കാലിക്കറ്റ് സർവകലാശാലയിലെ മലയാളം ബിരുദാന്തര ബിരുദ വിദ്യാർത്ഥിനിയായ ദൃശ്യ ബാലൻ. 'ബ്ലാക്ക് ഇങ്ക് ബ്ലോട്ട്സ്' എന്ന ഇൻസ്റ്റാഗ്രാം പേജ് വഴി പുറത്തുവന്ന ദൃശ്യയുടെ ഈ അനുഭവക്കുറിപ്പ് വൈറലായി മാറുകയും നിമിഷ സജയൻ, കനി കുസൃതി എന്നിവർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
നന്നേ കുട്ടിയായിരുന്നപ്പോൾ തൊട്ട് 'കറുപ്പി' എന്നും മറ്റുമുള്ള വിളികൾ കൊണ്ടുള്ള പരിഹാസം നേരിടേണ്ടി വന്ന ദൃശ്യയ്ക്ക് അതോർത്ത് പലപ്പോഴും കണ്ണീരൊഴുക്കേണ്ടതായി വന്നിട്ടുണ്ട്.എന്നാൽ ക്രമേണ തന്റെ നിറം ഒരിക്കലും ഒരു കുറവല്ലെന്നും അത് കരുത്തും സൗന്ദര്യവുമാണെന്ന് ആ പെൺകുട്ടി മനസ്സിലാക്കുകയായിരുന്നു. ആ തിരിച്ചറിവോടെ ഒരു മോട്ടിവേഷണൽ സ്പീക്കറും, മോഡലും ആകണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദൃശ്യ ബാലൻ ഇന്ന്.