pettimudi

ഇടുക്കി: : രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. ഇന്ന് കന്നിയാർ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പുഴയിൽ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളിൽ പരിശോധന നടത്തും. ലയങ്ങൾക്ക് മുകളിലെ മണ്ണ് മാറ്റിയും തിരച്ചിൽ തുടരും.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. മണ്ണിടിച്ചിലിൽ കാണാതായ 15 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇതിൽ കൂടുതലും കുട്ടികളാണെന്നാണ് സൂചന. ഇതുവരെ 55 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല.

ഗവർണർ ആരീഫ് മുഹമ്മദ്ഖാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പെട്ടിമുടി സന്ദശിച്ചിരുന്നു. രാവിലെ 9.30നാണ് ഗവർണറും മുഖ്യമന്ത്രിയും അടങ്ങിയ സംഘം ആനച്ചാലിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. അവിടെ നിന്ന് കാറിലാണ് പെട്ടിമുടിയിലേക്ക് പോയത്. ഉരുൾപൊട്ടലിനിരയായ കുടുംബങ്ങൾക്ക് പുതിയ വീട് നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.