aniben

കാസർകോട് : ആൻമേരി (16) വധക്കേസിൽ കുറ്റം സമ്മതിച്ച് സഹോദരൻ ആൽബിൻ (22).പ്രതി കുറ്റം സമ്മതിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൃത്യം ചെയ്തത് ആൽബിൻ ഒറ്റയ്ക്കാണെന്നും, കേസിൽ മറ്റ് പ്രതികളില്ലെന്നും പൊലീസ് വ്യക്തമാക്കി.


എലിവിഷം ഉപയോഗിച്ചുകൊണ്ടുള്ള കൊല നടത്തുന്നത് ഇന്റർനെറ്റിൽ നിന്നാണ് പഠിച്ചതെന്ന് ആൽബിൻ പൊലീസിനോട് പറഞ്ഞു പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കും, കൊവിഡ് പരിശോധനയ്ക്കും ശേഷമായിരിക്കും ഇയാളെ കോടതിയിൽ ഹാജരാക്കുക.

കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാൽ കാസർകോട് കോടതിയിൽ ഹാജരാക്കുമെെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്. കുടുംബം കൂട്ട ആത്മഹത്യ ചെയ്തെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

കൊല നടത്തിയ ശേഷം നാട് വിടാനും ആൽബിൻ ആലോചിച്ചിരുന്നു. കുടുംബസ്വത്തായ നാലര ഏക്കർ പുരയിടവും പന്നി വളർത്തൽ കേന്ദ്രവും സ്വന്തമാക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. തന്നിഷ്ടം പോലെ ജീവിക്കാമെന്ന ചിന്തയിൽ മാതാപിതാക്കളെയും, സഹോദരിയെയും കൊല്ലാൻ ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നു. പിതാവ് ബെന്നി (48) അപകടനില തരണം ചെയ്തു. മാതാവ് ബെസി ആരോഗ്യനില മെച്ചപ്പെട്ടതോടെ നേരത്തെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.

കൊവിഡ് പരിശോധനയിൽ മാതാപിതാക്കളുടെ സ്രവത്തിൽ വിഷാംശം കണ്ടതും, ആൻമേരിയുടെ പോസ്റ്റുമോർട്ടത്തിൽ എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയതുമാണ് പ്രതിക്ക് കുരുക്കായത്. ആൽബിന് മാത്രം അസുഖവും വന്നില്ലെന്ന് മനസിലാക്കിയതോടെ പൊലീസ് ഇയാളെ നീരിക്ഷിച്ചുവരികയായിരുന്നു.

ആൻമേരിക്ക് ഈമാസം ഒന്നിനാണ് വയറുവേദന അനുഭവപ്പെട്ടത്.ആദ്യം ഹോമിയോ ഡോക്ടറെയും പിന്നീട് അലോപ്പതി ക്ളിനിക്കിലും കാണിച്ചു. മഞ്ഞപിത്തമാണെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നാലിന് കണ്ണൂർ ചെറുപുഴയിലെ വൈദ്യരുടെ ചികിത്സ തേടി. പിറ്റേന്ന് അവശനിലയിൽ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.