iran-tanker

വാഷിംഗ്ടൺ: അമേരിക്കൻ ഉപരോധത്തെ മറികടന്ന് വെനസ്വേലയിലേക്ക് എണ്ണ കയറ്റി അയയ്ക്കാനുളള ഇറാന്റെ ശ്രമം അമേരിക്ക തടഞ്ഞു. എണ്ണകയറ്റിയ നാലു ടാങ്കറുകൾ അമേരിക്കൻ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഉപരോധം ഏർപ്പെടുത്തിയശേഷം ആദ്യമായാണ് അമേരിക്ക ഇറാനിൽ നിന്നുളള എണ്ണ കയറ്റിയ ട‌ാങ്കറുകൾ പിടിച്ചെടുക്കുന്നത്. ടാങ്കറുകൾക്കെതിരെയുളള നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.

ഒരുതരത്തിലുളള ബലപ്രയോഗവും കൂടാതെതാണ് ടാങ്കറുകൾ പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്. ഇറാനെ തങ്ങളുടെ വരുതിക്ക് വരുത്താൻ കൂടുതൽ സമ്മർദ്ദം ചെലുത്താനുളള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. എണ്ണ വില്പന പൂർണമായും തടഞ്ഞ് ഇറാന്റെ വരുമാനം പൂർണമായും തടയുകയാണ് ലക്ഷ്യം. ഇപ്പോൾത്തന്നെ ഇറാൻ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയാണ്.

അമേരിക്കയുടെ സമ്മർദ്ദങ്ങൾക്കുമുന്നിൽ വഴങ്ങില്ലെന്നായിരുന്നു ഇറാന്റെ നിലപാട്. എന്നാൽ കൊവിഡ് രാജ്യത്ത് പടർന്നുപിടിച്ച കൊവിഡിനെ പ്രതിരോധിക്കാനായി ഉപരോധത്തിൽ ഇളവ് വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും അമേരിക്ക വഴങ്ങിയിരുന്നില്ല. കഴി​ഞ്ഞവർഷം മെയ് മുതലാണ് അമേരി​ക്ക ഇറാനെതി​രെയുളള ഉപരോധം കൂടുതൽ കടുപ്പി​ച്ചത്. മെയ് രണ്ടുമുതൽ ഒരു രാജ്യത്തെയും ഇറാനി​ൽ നി​ന്നുളള എണ്ണ വാങ്ങാൻ അനുവദി​ക്കില്ലെന്ന് അമേരി​ക്ക ഉറച്ച നി​ലപാടെടുക്കുകയായി​രുന്നു.